ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും കേസ്

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും കേസ്. പ്രതിമാസം 10% ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം നിക്ഷേപം വാങ്ങിയശേഷം നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നാണ് പരാതി. തളങ്കര പള്ളിക്കാൽ റോഡിൽ കുണ്ടു വളപ്പിൽ ന്യൂമാൻ കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആയിരുന്ന എംസി കമറുദ്ദീൻ, പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചനാ കേസെടുത്തത്. 2017 മെയ് 9നാണ് പരാതിക്കാരൻ 10 ലക്ഷം നിക്ഷേപിച്ചതെന്ന് പറയുന്നു. സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 10% ലാഭവിഹിതം നൽകാമെന്നു ഉറപ്പു നൽകിയതായി പറയുന്നു. എന്നാൽ പണം വാങ്ങിയശേഷം പണമോ ലാഭവിഹിതമോ നൽകാതെ പറ്റിക്കുകയായിരുന്നു. ഫാഷൻ ഗോൾഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700 ഓളം പേരിൽ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതിൽ 168 കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിൻ്റെ മുൻ മഞ്ചേശ്വരം എംഎൽഎയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു എം.സി ഖമറുദീൻ.