ഇന്ധന ട്രക്കുകൾ 5 മാസത്തിനിടെ ആദ്യമായി ഗാസയിൽ; പട്ടിണിമരണം വർധിക്കുന്നു

ഗാസ സിറ്റി: പട്ടിണിമരണങ്ങളും ആക്രമണത്തിൽ പരുക്കേറ്റ് മരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതിനിടയിൽ അഞ്ച് മാസത്തിനിടെ ആദ്യമായി 107 ടൺ ഇന്ധനവുമായി രണ്ട് ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. ആശുപത്രികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇന്ധനക്ഷാമത്തെയും പടരുന്ന ക്ഷാമഭീതിയെയും കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രയേൽ നൽകിയ ഇളവിൽ ട്രക്കുകൾ ഗാസയിലേക്കു കടന്നത്.
ഈജിപ്തിൽനിന്നാണ് ഇസ്രയേൽ നിയന്ത്രിത അബു സലേം ക്രോസിങ് വഴി രണ്ട് ട്രക്കുകൾ ഗാസയിലേക്ക് എത്തിയത്. ആശുപത്രികൾ, ബേക്കറികൾ, പൊതു അടുക്കളകൾ എന്നിവയെ സഹായിക്കുന്നതിനായി യുഎന്നിന്റെ നാല് ഇന്ധന ടാങ്കറുകൾ കൂടി ഈ ആഴ്ച അവസാനം എത്തിയേക്കും. എന്നാൽ, ചികിത്സയും പോഷകാഹാരവും ലഭിക്കാതെ ഒട്ടേറെ പേർ മരിക്കുന്ന സാഹചര്യത്തിൽ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിദിനം 600 ട്രക്ക് ഇന്ധനം ആവശ്യമാണെന്ന് ഗാസയിലെ അധികൃതർ പറയുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പകരമായി ഇസ്രയേൽ അഴിച്ചുവിട്ട കനത്ത തിരിച്ചടിയുടെ ഭാഗമായി ഗാസയിലേക്കുള്ള ഭക്ഷണ- ഇന്ധന ലോറികൾ എത്തുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഇന്ധന വിതരണം നാമമാത്രമായതോടെ, ആശുപത്രി സേവനങ്ങളാണ് കാര്യമായി ബാധിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ളവരോ പരിക്കേറ്റവരോ ആയ രോഗികളെ മാത്രം ചികിത്സിക്കാൻ ഡോക്ടർമാർ നിർബന്ധിതരായി.
വിതരണ കേന്ദ്രങ്ങളിൽ എത്തുന്നതിനുമുമ്പ് ജനക്കൂട്ടം ട്രക്കുകളിൽനിന്ന് ഭക്ഷണം കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ, കൂടുതൽ സഹായം ഗാസയിലേക്ക് എത്തിക്കാൻ ഇസ്രയേലിന് മേൽ ആഗോളതലത്തിൽ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം.
ഭക്ഷണത്തിനായുള്ള തിക്കും തിരക്കും നിയന്ത്രിക്കാൻ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ ഞായറാഴ്ച മാത്രം 27 പേർ കൊല്ലപ്പെട്ടു. ജൂണിന് ശേഷം സഹായം തേടുന്നതിനിടെ 1,400 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎൻ അറിയിച്ചു. ഇസ്രയേൽ ഇളവ് നൽകിയിട്ടും, അന്താരാഷ്ട്ര ഏജൻസികളുടേതുൾപ്പെടെ 22,000-ത്തിലധികം ട്രക്കുകൾ അതിർത്തികളിൽ തടഞ്ഞിട്ടിരിക്കുകയാണെന്ന് ഗാസ മീഡിയ ഓഫീസ് പറയുന്നു.
ഭക്ഷണ ദൗർലഭ്യം പട്ടിണിമരണങ്ങൾക്കും ഗാസയിൽ വ്യാപകമായ ക്ഷാമഭീതിക്കും ഇടയാക്കിയിട്ടുണ്ട്. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറുപേർ പട്ടിണി മൂലം മരിച്ചു, ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 93 പേർ കുട്ടികളാണ്.