പട്ടാപ്പകൽ വീടിനുള്ളിൽ പാഞ്ഞുകയറി പുലി; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കലഞ്ഞൂരില്‍ പാട്ടാപ്പകല്‍ വളര്‍ത്തുനായയെ ഓടിച്ച് പുലി വീട്ടിനകത്തുകയറി. പുറത്തായിരുന്ന വീട്ടമ്മയും പിഞ്ചുകുഞ്ഞും വളര്‍ത്തുനായയുമായി വീട്ടിനുള്ളില്‍ക്കയറി കതകടച്ചതിനാല്‍ രക്ഷപ്പെട്ടു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പൂമരുതിക്കുഴിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നാണ് സംഭവം. പൂമരുതിക്കുഴിയില്‍ പൊന്‍മേലില്‍ വാടകയ്ക്ക് താമസിക്കുന്ന സതീഷിന്റെ വീട്ടിലാണ് പുലി ഓടിക്കയറിയത്.
ഈ സമയം സതീഷിന്റെ ഭാര്യ രേഷ്മയും ഇളയമകന്‍ രണ്ട് വയസ്സുള്ള സാരംഗുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂത്ത മകന്‍ ശ്രാവണിനെ അങ്കണവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുവരാനായി വീടിന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് വളര്‍ത്തുനായ ബഹളം കൂട്ടി ഓടിവരുന്നത് കണ്ടത്. പെട്ടെന്ന് അകലെനിന്ന് പുലി ഓടിവരുന്നതും കണ്ടു. പുരയ്ക്കകത്തേക്ക് ഓടിക്കയറി ഹാളിന്റെ കതക് രേഷ്മ വലിച്ചടച്ച് രക്ഷപ്പെടുകയായിരുന്നു.
അടുക്കള വാതിലിലൂടെ അകത്ത് കയറിയ പുലി ഹാളിന്റെ കതകില്‍ നഖമിട്ട് ഉരയ്ക്കുകയും ചെയ്തിട്ടുണ്ട്. കതകടച്ച രേഷ്മ അവിടെനിന്ന് കതകില്‍ തട്ടി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പുലി വീട്ടിൽനിന്ന് പോയി എന്നുറപ്പാക്കിയ ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ഉടന്‍തന്നെ പാടം വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. അനില്‍കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. പുലിയുടെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.