KSDLIVENEWS

Real news for everyone

തിരോധാനക്കേസ്: സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പില്‍ ഇരുപതിലേറെ അസ്ഥികള്‍ കണ്ടെത്തി

SHARE THIS ON

ആലപ്പുഴ: ചേര്‍ത്തലയിലെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ സംശയനിഴലിലുള്ള സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും പോലീസ് പരിശോധന. മനുഷ്യന്റേതെന്ന് കരുതുന്ന ഇരുപതിലേറെ അസ്ഥികള്‍ വീടിന്റെ പരിസരത്ത് കണ്ടെത്തിയതായാണ് വിവരം. ഇവക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

കഡാവര്‍ നായകളെ ഉള്‍പ്പെടെ എത്തിച്ചാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം കാണാതായ ജെയ്‌നമ്മയുടെ അസ്ഥികളാകാം കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും അസ്ഥികളുടെ കാലപ്പഴക്കം സംബന്ധിച്ച പ്രാഥമിക നിഗമനം അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ്. അന്വേഷണ സംഘത്തോട് സെബാസ്റ്റ്യൻ സഹകരിക്കുന്നില്ലെന്നാണ് വിവരം. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോധികനായതിനാൽ തുടർച്ചയായി ചോദ്യം ചെയ്യാനും കഴിയുന്നില്ല.

ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തി. സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് സംശയം നിലനില്‍ക്കുന്ന നാല് തിരോധാനക്കേസുകള്‍ക്ക് പുറമേ കൂടുതല്‍ തിരോധാനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംശയിച്ചിരുന്നു.

വീടിന്റെ പരിസരങ്ങളിലെ പരിശോധന കൂടാതെ വീടിനകത്തും വിശദമായ പരിശോധന നടത്തിയേക്കും. കുളത്തിലെ പരിശോധനയില്‍ ചില വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കറോളം വരുന്ന പറമ്പില്‍ വിശദമായ പരിശോധനകള്‍ നടത്താനാണ് നീക്കം. സെബാസ്റ്റ്യൻ്റെ പറമ്പില്‍ മൂന്ന് കുളങ്ങളാണുള്ളത്. ഇവ വറ്റിക്കുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!