ബിജെപി എം.പി, എംഎൽഎ മാർക്കെതിരായ 62 ക്രിമിനൽ കേസ് പിൻ വലിച്ച് യെദിയൂരപ്പ സർക്കാർ

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ 62 ക്രിമിനല്‍ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ടൂറിസം മന്ത്രി സി.ടി. രവി, നിയമ മന്ത്രി ജെ.സി. മധുസ്വാമി തുടങ്ങിയവര്‍ക്കെതിരായ, കലാപമടക്കമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ബംഗളൂരു അക്രമത്തില്‍ നിരപരാധികളെ ഉള്‍പ്പെടെ പ്രതിചേര്‍ക്കുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചത്.
സംസ്ഥാന പൊലീസ് മേധാവി എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ല.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 2017ല്‍ ഹോസ്പേട്ട് താലൂക്ക് ഒാഫിസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വനം മന്ത്രി ആനന്ദ് സിങ്ങിനെതിരായ ക്രിമിനല്‍ കേസ് പിന്‍വലിച്ചിട്ടുണ്ട്. ആക്രമിക്കുമ്ബോള്‍ കോണ്‍ഗ്രസിലായിരുന്ന ആനന്ദ് സിങ് കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയിലെത്തിയത്. 2015ല്‍ ഹുന്‍സൂരിലുണ്ടായ സംഘര്‍ഷത്തിലാണ് മന്ത്രിമാരായ സി.ടി. രവിക്കും ജെ.സി. മധുസ്വാമിക്കും എതിരെ കലാപക്കേസുള്ളത്.
2017 ഡിസംബറില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ വാഹനം തടഞ്ഞ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച കുടക് എം.പി പ്രതാപ് സിംഹക്കെതിരായ കേസും പിന്‍വലിച്ചു. മാണ്ഡ്യയിലെ സ്വതന്ത്ര എം.പി സുമലത അംബരീഷ്, യെല്‍ബുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഹല്ലപ്പ ആചാര്‍, ഹൊന്നാലി ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ തുടങ്ങിയവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. സ്വഭാവിക നടപടിയാണെന്നും ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതാക്കളുടെ കേസുകളും പിന്‍വലിച്ചിട്ടുണ്ടെന്നുമാണ് നിയമ മന്ത്രി ജെ.സി. മധുസ്വാമിയുടെ പ്രതികരണം.

