KSDLIVENEWS

Real news for everyone

കുറ്റസമ്മതം ആകുമെന്നതിനാൽ തിടുക്കത്തിൽ നടപടിയില്ല; അൻവർ വിഷയത്തിൽ ആരെയും പിണക്കാതെ സർക്കാർ നീക്ക

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉന്നമിട്ടുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ പി.വി. അൻവർ നടത്തിയിട്ടും നടപടി അന്വേഷണത്തിൽ മാത്രമൊതുങ്ങിയത് കരുതിക്കൂട്ടിത്തന്നെ. തിടുക്കപ്പെട്ടൊരു നടപടിയെടുത്താൽ, അൻവറിന്റെ ആരോപണങ്ങളെല്ലാം ശരിവെച്ചെന്ന തോന്നലുണ്ടാവും. അതേസമയം, അൻവറിനു പറയാനുള്ളതു മുഖ്യമന്ത്രി നേരിട്ടു കേൾക്കുകയും ചെയ്തു.

അൻവറിന്റെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുത്തെന്ന സന്ദേശം നൽകാനാണ് അന്വേഷണത്തിനുള്ള തീരുമാനം. ആരോപണങ്ങൾ ഗുരുതരമെങ്കിലും അതിന്റെ അടിസ്ഥാനത്തിൽമാത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്താൽ, അതൊരു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനാൽ, ആദ്യം അന്വേഷണം നടക്കട്ടെയെന്നു തീരുമാനിച്ചു. സി.പി.എം. നേതൃത്വത്തെക്കൂടി വിശ്വാസത്തിലെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നീക്കങ്ങൾ.

അതേസമയം, വിശ്വസ്തരെ പെട്ടെന്നു കൈവിടാൻ മുഖ്യമന്ത്രി തയ്യാറല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽനടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എം.ആർ. അജിത്കുമാറും പങ്കെടുത്തിരുന്നു. അജിത്കുമാറിനുനേരേ ഗുരുതരമായ ആരോപണം അൻവർ ഉന്നയിച്ചെങ്കിലും അതു സാധൂകരിക്കുന്ന തെളിവ് പുറത്തുവിട്ടിട്ടില്ല. ഈ സാങ്കേതികപ്രശ്നം കണക്കിലെടുത്താണ് പെട്ടെന്നൊരു നടപടി വേണ്ടെന്ന തീരുമാനം.

അജിത്കുമാറിന്റെ റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രശ്നം. അന്വേഷണസംഘത്തലവൻ ഡി.ജി.പി. ആയതിനാൽ അതിലൊരു പ്രശ്നമില്ലെന്നാണ് വിശദീകരണം.

അതേസമയം, എസ്.പി. സുജിത് ദാസിനുനേരേയുള്ള ആരോപണത്തിനൊപ്പം തെളിവായി ഫോൺ സംഭാഷണം അൻവർ പുറത്തുവിട്ടിരുന്നു. ഇതു പരിഗണിച്ചാണ്, ശിക്ഷാനടപടിയെന്ന നിലയിലുള്ള സ്ഥലംമാറ്റം.

മുഖംരക്ഷിക്കാൻ സി.പി.എം. ജാഗ്രത

സി.പി.എം. സമ്മേളനങ്ങൾ ആരംഭിച്ചിരിക്കേ, മുഖ്യമന്ത്രിയും പാർട്ടിയും യുദ്ധത്തിലാണെന്ന മോശംപ്രതീതി സൃഷ്ടിക്കരുതെന്നും നേതൃത്വം വിലയിരുത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ ഉടനടി നീക്കിയാൽ മുഖ്യമന്ത്രിക്കു മാത്രമല്ല, സർക്കാരിനും പാർട്ടിക്കുമതു ക്ഷീണമാവും. അതിനാലാണ് ‘പാർട്ടിപരിശോധന നടക്കട്ടെ’ എന്ന ധാരണ.

ഇ.പി. ജയരാജൻ വിവാദത്തിലും പെട്ടെന്നൊരു നടപടിയെടുത്തില്ല. എന്നാൽ, സംരക്ഷിച്ചതുമില്ല. സമാനമായിരിക്കും പി. ശശിയുടെയും ഭാവി.

സംഘത്തിന്റെ പരിധിയിൽ ഇരുപക്ഷത്തുനിന്നുമുള്ള പരാതികൾ

എം. ബഷീർ

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെപേരിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഡി.ജി.പി.മാരിൽ ആരെങ്കിലും അന്വേഷിക്കുമെന്നാണ് കരുതിയതെങ്കിലും പ്രഖ്യാപിച്ചത് പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തെ.

പ്രഖ്യാപനത്തിനുമുമ്പ്, തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയും പോലീസ് മേധാവി ദർവേശ് സാഹേബും തമ്മിൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു. പ്രഖ്യാപനം രാത്രിയുണ്ടായെങ്കിലും ഉത്തരവിറങ്ങിയത് ചൊവ്വാഴ്ച രാവിലെ മാത്രമാണ്. അൻവർ ഉന്നയിച്ച കൊലപാതകം, സ്വർണം പൊട്ടിക്കൽ, ഫോൺ ചോർത്തൽ ആരോപണങ്ങളൊക്കെ അന്വേഷിക്കേണ്ടത് ഈ ഉദ്യോഗസ്ഥരാണ്. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടന്നിരുന്നു.

അൻവർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കുനൽകിയ മരംമുറി പരാതി അന്വേഷിക്കാൻ ഇപ്പോഴത്തെ സംഘത്തിൽ ഉൾപ്പെട്ട തൃശ്ശൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസിനെ നേരത്തെതന്നെ നിയോഗിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് തോംസൺ ജോസ് കഴിഞ്ഞദിവസം തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആ കേസും പുതിയ സംഘത്തിനൊപ്പം ചേർക്കുകയായിരുന്നു.

തനിക്കെതിരേ നടക്കുന്നത് അസത്യപ്രചാരണമാണെന്നും അതിനുപിന്നിൽ പോലീസിലെതന്നെ ഒരു വിഭാഗമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ചതന്നെ എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയും അന്വേഷിക്കേണ്ടത് പുതിയ സംഘമാണ്.

ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നതിനാൽ അടുത്തദിവസംതന്നെ പ്രാരംഭനടപടികൾ തുടങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!