KSDLIVENEWS

Real news for everyone

ബേക്കൽ കോട്ടയിലെ ടൂറിസം ബംഗ്ലാവ്; കോട്ടയിൽ കൊമ്പുകോർത്ത് കേന്ദ്രവും സംസ്ഥാനവും

SHARE THIS ON

ബേക്കൽ: ബേക്കൽ കോട്ടയിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലവും ടൂറിസം ബംഗ്ലാവും സംസ്ഥാന–കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള പിടിവലിയിൽ ഉപയോഗപ്പെടുത്താനാവാതെ വെറുതെ കിടക്കുന്നു. സഞ്ചാരികൾക്ക് വിശ്രമിക്കാൻ പ്രാഥമിക സൗകര്യം ഏർപ്പെടുത്തുന്നതിനുൾപ്പെടെ റെസ്റ്റ് ഹൗസ് കെട്ടിടം നവീകരിച്ച് ഉപയോഗപ്പെടുത്താൻ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ (ബിആർഡിസി) അനുമതി തേടിയിട്ടുണ്ട്.

അതേ സമയം സ്ഥലം കേന്ദ്ര സർക്കാരിനു വിട്ടു കിട്ടണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വീണ്ടും സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. രണ്ട് ആവശ്യങ്ങളിലും തീരുമാനമാകാതെ കെട്ടിടം നിലംപതിക്കുന്ന അവസ്ഥയിലാണ്. 1909ൽ സൗത്ത് കാനറ ജില്ലാ ഭരണകൂടം പണിത കെട്ടിടത്തിന് ഇപ്പോൾ അറ്റകുറ്റപ്പണികളൊന്നും ചെയ്യാറില്ല. അടിയന്തിരമായി തീരുമാനമെടുത്തില്ലെങ്കിൽ കെട്ടിടം പൂർണമായി നശിക്കും.

കെട്ടിടം അവസാനമായി നവീകരിച്ചത് 2008ൽ
115 ലേറെ വർഷം പഴക്കമുണ്ട് കെട്ടിടത്തിന്. 1909ൽ അന്നത്തെ മലബാർ പ്രസിഡൻസിയിലെ കലക്ടർ ആയിരുന്ന അസിസുദ്ദീൻ ഖാൻ ബഹദൂർ ആണ് ഈ ടൂറിസ്റ്റ് ബംഗ്ലാവ് ഉദ്ഘാടനം ചെയ്തത്. 2006ലാണ് സർക്കാർ അംഗീകാരത്തോടെ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ ബേക്കൽ കോട്ടയിലെ ടൂറിസ്റ്റ് ബംഗ്ലാവ് നവീകരിക്കാനുള്ള നടപടി തുടങ്ങിയത്. 2008ൽ നവീകരിച്ചുവെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.

വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തരുതെന്ന കേന്ദജ്ര ആർക്കിയോളജി അധികൃതരുടെ നിർദേശമായിരുന്നു ഇതിനു കാരണം. ഇതോടെ തർക്കങ്ങൾക്കൊടുവിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. തുടർന്ന് കെട്ടിടം നാശാവസ്ഥയിലായി പല ഭാഗങ്ങളും വീഴാൻ തുടങ്ങി. 2 കിടപ്പു മുറി, ഹാൾ, പൂമുഖം, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെ ഉള്ളതാണ് കെട്ടിടം.

കേന്ദ്ര ആർക്കിയോളജി വിഭാഗത്തിന്റെ വാദം
1921ലാണ് കോട്ടയിലെ 36.83 ഏക്കർ വിസ്തൃതിയുള്ള മുഴുവൻ സ്ഥലവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു കീഴിലാക്കി സംരക്ഷിത സ്ഥലമായി പ്രഖ്യാപിച്ചത്.

2004ൽ സംസ്ഥാന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന റവന്യു അധികൃതരും ചേർന്നു നടത്തിയ സർവേയിൽ 34.66 ഏക്കർ സ്ഥലമാണ് ഇവിടെ  അതിർത്തി നിർണയിച്ചു നൽകിയത്. എന്നാൽ കേരള സർക്കാരി‍ൽ നിന്ന് 31.14 ഏക്കർ മാത്രമാണ് എഎസ്ഐയ്ക്ക് കൈമാറിയത്.  ബാക്കി സ്ഥലം സംസ്ഥാന ടൂറിസം വകുപ്പിനു കൈമാറി. 

കോട്ടയിൽ നിന്ന് ഖനനം ചെയ്ത് ലഭിച്ച വസ്തുക്കളുടെ പ്രദർശന കേന്ദ്രം തുടങ്ങാനും സന്ദർശകർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനും ബേക്കൽ കോട്ടയിലെ പൈതൃക കെട്ടിടം അടക്കം 3.52 ഏക്കർ സ്ഥലം വിട്ടു കിട്ടണമെന്നാണ് കേന്ദ്ര ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ സൂപ്രണ്ട് കഴിഞ്ഞ മേയ് മാസത്തിൽ  സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്. 

ആവശ്യങ്ങൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
സംസ്ഥാന സർക്കാരിനു കീഴിൽ കോട്ടയിലുള്ള ഈ സ്ഥലം ബേക്കൽ ടൂറിസം വികസനത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ കേന്ദ്ര ആർക്കിയോളജി അധികൃതരുടെ നിലപാടു കാരണം ഇതു സാധിക്കുന്നില്ലെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാരിന്റെ 3.52 ഏക്കറിൽ ടൂറിസ്റ്റ് ബംഗ്ലാവ് ഉൾപ്പെടുന്ന 20 സെന്റ് സ്ഥലം ബിആർഡിസിയുടെ നിയന്ത്രണത്തിലാണ്. വൈകിട്ട് 5.45ന് അവസാനിക്കുന്ന കോട്ടയിലേക്കുള്ള സന്ദർശന സമയം രാത്രിയിലേക്കും നീട്ടണമെന്നും യാത്രികർക്ക് ടൂറിസം ബംഗ്ലാവിൽ തങ്ങുന്നതിനുൾപ്പെടെ അനുമതി വേണമെന്നും ബിആർഡിസി കേന്ദ്ര ആർക്കിയോളജി അധികൃതരോട് പല തവണ ആവശ്യപ്പെട്ടതാണ്.

സഞ്ചാരികൾക്ക് കോട്ട കാണാൻ ബാറ്ററി കാർ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പദ്ധതി സമർപ്പിച്ചിട്ടും അനുമതി കിട്ടിയില്ലെന്ന് ബിആർഡിസി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് പറഞ്ഞു. രാജസ്ഥാൻ കോട്ട ഉൾപ്പെടെ പ്രധാന കോട്ടകളിൽ രാത്രിയിൽ സഞ്ചാരികൾക്ക് തങ്ങാനും കാഴ്ച ആസ്വദിക്കാനും സൗകര്യങ്ങളുണ്ടെന്നും ഇവിടെ മാത്രം അത് നിഷേധിക്കുകയാണെന്നും ബേക്കൽ കോട്ടയെ സംരക്ഷിക്കുന്നതോടൊപ്പം ടൂറിസം വീക്ഷണത്തിലൂടെ കാണാനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയാറാകണമെന്നും ഷിജിൻ പറമ്പത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!