KSDLIVENEWS

Real news for everyone

കീഴൂർ മത്സ്യബന്ധന തുറമുഖത്തുനിന്ന് കാണാതായ യുവാവിനെ നാല് ദിവസമായിട്ടും കണ്ടെത്തിയില്ല; തിരച്ചിൽ ഉർജിതമല്ലെന്ന് ആരോപിച്ച് റോഡ് ഉപരോധം

SHARE THIS ON

കാസർകോട്: ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കീഴൂർ മത്സ്യബന്ധന തുറമുഖത്ത് നിന്നു കാണാതായ പ്രവാസിയായ യുവാവിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമല്ലെന്നു ആരോപിച്ച്  നാട്ടുകാർ റോഡ് ഉപരോധിച്ചു. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചന്ദ്രഗിരി പാലത്തിനു സമീപത്താണ്  റോഡ് ഉപരോധിച്ചത്.   കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ കെ.മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും  ചേർന്നുമാണ് ആദ്യഘട്ട പ്രതിഷേധം നടത്തിയത്.

പിന്നീട് ജനപ്രതിനിധികളും റിയാസിന്റെ ബന്ധുക്കളും  കലക്ടർ കെ.ഇമ്പശേഖറിനുമായി ചർച്ച നടത്തി.  ഇതിനിടെ കർണാടകയിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൾപെ ഇന്നു രാവിലെ മുതൽ കീഴൂർ തുറമുഖത്തിനടുത്ത് തിരച്ചിൽ നടത്തുമെന്നു എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവരെ ഇന്നു  നേരിൽ കണ്ടു  എല്ലാം സംവിധാനം ഉപയോഗിച്ച് തിരച്ചിൽ തുടരാൻ ആവശ്യപ്പെടുമെന്ന് എംഎൽഎ അറിയിച്ചു. തിരച്ചിൽ  ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ട്  റിയാസിന്റെ കുടുംബം എൻ.എ.നെല്ലിക്കുന്നിന്റെ സാന്നിധ്യത്തിൽ ജില്ലയിലെത്തിയ മന്ത്രി എം.ബി.രാജേഷിനു നിവേദനം  നൽകിയിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച പുലർച്ച മുതലാണ് റിയാസിനെ കാണാതായത്. തുറമുഖത്തിനുടത്ത് റിയാസിന്റെ സ്കൂട്ടറും ചൂണ്ടയിടുന്ന സാധന സാമഗ്രികളും ഉണ്ടായിരുന്നു. ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണിരിക്കാം എന്ന സംശയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരും തീരദേശ പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്നു ചന്ദ്രഗിരിപുഴയിലും കടലോരങ്ങളിലുമായി തിരച്ചിൽ നടത്തിയിരുന്നു എങ്കിലും കണ്ടെത്താനായില്ല. മിനിഞ്ഞാന്നു രാവിലെ 9.20 മുതൽ 12.25 വരെ ബേപ്പൂർ കോസ്റ്റൽ ഗാർഡ് എംആർഎസ്‍സിയുടെ ഡോർണിയർ വിമാനം തിരച്ചിൽ നടത്തിയതായി കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.

റവന്യു, പൊലീസ്, അഗ്നിശമന സേന, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നതായും കലക്ടർ അറിയിച്ചു. സംഭവം  നടന്നു നാലു ദിവസമായിട്ടും തിരച്ചിൽ നടത്തിയിട്ടും കാണാതായ യുവാവിനെ കണ്ടെത്താനാകാത്തതിനാൽ തുറമുഖത്തിനടുത്തെ കല്ലിനടിയിൽപ്പെട്ടിരിക്കാമെന്നാണ് സംശയമാണ് നാട്ടുകാർക്കുള്ളത്. ഇവിടെ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധർ തന്നെ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.  എ.കെ.എം.അഷ്റഫ് എംഎൽഎയുടെ അഭ്യർഥനയെ തുടർന്നാണു   ഈശ്വർ മാൾപെ ഇന്നു എത്താമെന്നു അറിയിച്ചത്. സർക്കാർ സംവിധാനം ഊർജിതമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

നാടിനെ നടുക്കിയ വലിയ ദുരന്തം: എൻ.എ. നെല്ലിക്കുന്ന് എംഎൽഎ
കാസർകോട്∙ കെ.മുഹമ്മദ്‌ റിയാസിനെ 4 ദിവസം  കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തത് നാടിനെ നടുക്കിയ വലിയ ദുരന്തമാണെന്നും   പ്രവാസിയായ യുവാവിനെ കണ്ടെത്താൻ സാധിക്കാത്തത് ജനങ്ങളിലാകെ മ്ലാനത ഉണ്ടാക്കിയിരിക്കുകയാണെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. യുവാവിനെ  കണ്ടെത്താനുള്ള നടപടികൾ വേണ്ട രീതിയിൽ ത്വരിതപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ നമ്മുടെ കൈവശമുള്ള സംവിധാനം ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ജനങ്ങൾക്ക് ആശങ്കയും പരിഭവവുമുണ്ട്. 

ഇനിയെങ്കിലും ജനങ്ങളും റിയാസിന്റെ കുടുംബവും ആഗ്രഹിക്കുന്ന വിധത്തിൽ തിരച്ചിൽ ഫലപ്രദമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകേണ്ടത് അനിവാര്യമാണെന്നു എംഎൽഎ പറഞ്ഞു. യുവാവിനെ കണ്ടെത്താൻ  യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഹാർബറിൽ കാണാതായ റിയാസിനെ കണ്ടെത്താൻ കഴിയാത്തത് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്നു മുസ്‍ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്  റഊഫ് ബായിക്കര, ജനറൽ സെക്രട്ടറി ഖാദർ ആലൂർ എന്നിവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!