KSDLIVENEWS

Real news for everyone

2200 കോടിയുടെ സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ 22-കാരൻ: ഞെട്ടി അസം; ആഡംബരജീവിതം, ഒടുവില്‍ കുടുങ്ങി

SHARE THIS ON

ഗുവാഹാട്ടി: അസമില്‍ കോളിളക്കം സൃഷ്ടിച്ച 2200 കോടിയുടെ സാമ്ബത്തിക നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ 22-കാരൻ അറസ്റ്റില്‍.

വൻപ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് പണം തട്ടിയ ബിഷാല്‍ ഫുക്കാനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ മാനേജർ ബിപ്ലബിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഓഹരിവ്യാപാരത്തിന്റെ പേരിലാണ് 22-കാരനായ ബിഷാല്‍ വൻതുകകള്‍ കൈക്കലാക്കിയിരുന്നതെന്നാണ് റിപ്പോർട്ട്. നിക്ഷേപം നടത്തിയാല്‍ രണ്ടുമാസത്തിനുള്ളില്‍ 30 ശതമാനത്തിലേറെ ലാഭമാണ് വാഗ്ദാനംചെയ്തിരുന്നത്. അസം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലായി നിരവധിപേർ ഇത്തരത്തില്‍ തട്ടിപ്പിനിരയായെന്നാണ് വിവരം.

ഗുവാഹാട്ടിയിലെ ഡി.ബി. സ്റ്റോക്ക് ബ്രോക്കിങ് കമ്ബനിയുടെ ഉടമയായ ദീപാങ്കർ ബർമൻ എന്നയാളെ കാണാതായതിന് പിന്നാലെയാണ് ബിഷാലിന്റെ നിക്ഷേപപദ്ധതികളിലേക്കും അന്വേഷണമെത്തിയത്. ബിഷാലിന്റെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പണം തിരികെനല്‍കുമെന്നും നിക്ഷേപങ്ങളെല്ലാം സുരക്ഷിതമാണെന്നും ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ദിബ്രുഘട്ട് പോലീസ് യുവാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. തുടർന്നാണ് ബിഷാലിനെയും മാനേജരെയും കസ്റ്റഡിയിലെടുത്തത്.

2200 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിഷാല്‍ തന്റെ ആഡംബരജീവിതരീതിയിലൂടെയാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. 22-കാരനായ താൻ ഇത്രയും ഉയർന്നനിലയില്‍ ജീവിക്കുന്നത് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ലാഭംകൊണ്ടാണെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. അതേസമയം, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം കൊണ്ട് യുവാവ് നാല് കമ്ബനികള്‍ സ്വന്തമായി സ്ഥാപിച്ചെന്നാണ് റിപ്പോർട്ട്. ഔഷധനിർമാണത്തിലും കെട്ടിടനിർമാണ മേഖലയിലുമാണ് ഇയാള്‍ പണം മുടക്കി സ്വന്തം കമ്ബനികള്‍ ആരംഭിച്ചത്. ഇതിനുപുറമേ ഒട്ടേറെ ഭൂമി വാങ്ങിക്കൂട്ടിയതായും അസമിലെ സിനിമാമേഖലയിലടക്കം പണം മുടക്കിയതായും റിപ്പോർട്ടുകളില്‍ പറയുന്നു.

ബിഷാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ആറ് ഐഫോണുകളും വിദേശകറൻസിയും റെയ്ഡില്‍ പിടിച്ചെടുത്തു. ബിഷാലുമായി ബന്ധമുള്ള സോഷ്യല്‍മീഡിയ ഇൻഫ്ളൂവൻസറും നൃത്തസംവിധായകയുമായ സുമി ബോറയ്ക്കായും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവതി നിലവില്‍ ഒളിവിലാണെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. അതിനിടെ, മറ്റൊരു ഓണ്‍ലൈൻ ട്രേഡിങ് തട്ടിപ്പ് കേസില്‍ സ്വപ്നില്‍ ദാസ് എന്നയാളെയും അസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ എല്ലാ ട്രേഡിങ് തട്ടിപ്പ് കേസുകളിലും സമഗ്രമായ അന്വേഷണം നടത്താൻ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ ഉത്തരവിട്ടു. ഇത്തരം ഓണ്‍ലൈൻ ട്രേഡിങ് നിക്ഷേപങ്ങളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യാതൊരു പരിശ്രമവുമില്ലാതെ പണം ഇരട്ടിപ്പിക്കാമെന്ന് അവകാശപ്പെടുന്ന ഇത്തരം നിക്ഷേപപദ്ധതികള്‍ തട്ടിപ്പാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!