മധുരിക്കും ഓർമകളേ: പാട്ടുപാടി മണിക്കൂറുകൾക്കകം കുഴഞ്ഞുവീണ് മരണം; വേദനയായി പോലീസ് ഓഫീസർ സതീഷിന്റെ വേർപാട്

കോട്ടയം: മധുരിക്കുന്ന ഒരുപിടി ഓർമകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അവശേഷിപ്പിച്ചാണു സിവിൽ പൊലീസ് ഓഫിസർ പതിനാറിൽചിറ കൊച്ചുതറവീട്ടിൽ സതീഷ് ചന്ദ്രന്റെ (42) അപ്രതീക്ഷിത വിയോഗം. ചൊവ്വാഴ്ച ഈസ്റ്റ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ സതീഷ് സഹപ്രവർത്തകർക്കൊപ്പം പാട്ടു പാടിയിരുന്നു. ‘മധുരിക്കും ഓർമകളേ, മലർമഞ്ചൽ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ… മാഞ്ചുവട്ടിൽ’ എന്ന പാട്ടാണ് ആലപിച്ചത്. പാട്ടുപാടി മണിക്കൂറുകൾക്കകമാണു വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത്.
ചൊവ്വാഴ്ച ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ സതീഷ് രാത്രി 9.30നു കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഓണാഘോഷം നടന്ന പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഇന്നലെ സതീഷിന്റെ മൃതദേഹം എത്തിച്ചപ്പോൾ സഹപ്രവർത്തകർ കണ്ണീരിലായി. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരിച്ചിരുന്ന സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്ററായിരുന്നു സതീഷ്. അതിനാൽ എല്ലാവരുമായും അടുപ്പമുണ്ടായിരുന്നു. ഒരാഴ്ച മുൻപു പൊലീസ് ക്വാർട്ടേഴ്സിലെ കുട്ടികളുടെ ഓണാഘോഷച്ചടങ്ങ് സംഘടിപ്പിക്കാൻ മുന്നിൽ നിന്നതും സതീഷായിരുന്നു. ഭാര്യ: സവിത. മക്കൾ: അഭിനവ്, അശ്വിന്ത്, അഭിനന്ദ്.