ഒഡീഷ മുൻ മന്ത്രിയും ബിജെഡി എംഎൽഎയും ആയ പ്രദീപ് മഹാരതി അന്തരിച്ചു

ഭുവനേശ്വര്‍: ഒഡീഷ മുന്‍ മന്ത്രിയും ബിജെഡി (ബിജു ജനതാ ദള്‍) എംഎല്‍എയുമായ പ്രദീപ് മഹാരതി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒഡീഷയില്‍ ഒരു എംഎല്‍എ കോവിഡ് ബാധിച്ച് മരിക്കുന്നത്.
സെപ്റ്റംബര്‍ 14-നാണ് മഹാരതിക്ക് കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട് വന്നത്. 18 ദിവസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
1985ല്‍ പിപിലി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജനതാ പാര്‍ട്ടി പ്രതിനിധിയായി മഹാരതി ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിപിലിയില്‍ നിന്ന് ഏഴു തവണ മഹാരതി നിയമസഭയിലെത്തി. അഞ്ച് തവണ ബിജു ജനതാ ദള്‍ (2000-2019) ടിക്കറ്റിലും ജനതാ പാര്‍ട്ടി (1985), ജനതാദള്‍ (1990) ടിക്കറ്റുകളില്‍ ഓരോ തവണയും തിരഞ്ഞെടുക്കപ്പെട്ടു.

