മലക്കംമറിഞ്ഞ് യുഡിഎഫ്; സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിന്

തിരുവനന്തപുരം: സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെച്ച യുഡിഎഫ് തീരുമാനം തിരുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. ഈ മാസം 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനും തീരുമാനിച്ചു.
യുഡിഎഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.
അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാരിന്റെ നിർദേശം പാലിക്കും. സമരം കാരണമാണ് കോവിഡ് വ്യാപിച്ചതെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലുള്ളവർക്ക് എങ്ങനെ രോഗം വന്നു എന്നതിന് മറുപടി പറയണമെന്നും എം.എം.ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെപ്തംബർ 28-നാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് യുഡിഎഫ് പിൻവാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ തീരുമാനം സ്വാഗതം ചെയ്തിരുന്നു.
കോവിഡ് പരത്തുന്നത് സമരക്കാരാണെന്ന തരത്തിൽ സർക്കാരും സിപിഎമ്മും പ്രചാരണം തുടങ്ങിയതോടെയാണ് യുഡിഎഫ് സമരത്തിൽ നിന്ന് പിൻവലിഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചന നടന്നില്ലെന്നും സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ സമരത്തിൽ നിന്ന് പിൻവലിയുന്നത് തിരിച്ചടിയാകുമെന്നും കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യമായി പറയുകയുണ്ടായി.
മറുഭാഗത്ത് പ്രതിപക്ഷം സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന ബിജെപി പ്രചാരണവും ആരംഭിച്ചു. ഈ സാഹചര്യങ്ങളിലാണ് വീണ്ടും സമരമുഖത്തേക്ക് നീങ്ങാനുള്ള യുഡിഎഫിന്റെ തീരുമാനം.

