KSDLIVENEWS

Real news for everyone

എക്‌സ്‌പോ ദോഹയ്ക്ക് ഗംഭീര തുടക്കം; ഹരിത ഭംഗിയിൽ അല്‍ബിദ പാര്‍ക്ക്, ഉദ്ഘാടനച്ചടങ്ങിൽ അതിഥികളായി ലോക നേതാക്കൾ

SHARE THIS ON

ദോഹ∙ ഹരിത ഭംഗിയോടെ അറബ് മേഖലയിലെ പ്രഥമ രാജ്യാന്തര ഹോര്‍ട്ടി കള്‍ചറല്‍ എക്‌സ്‌പോയ്ക്ക് അല്‍ബിദ പാര്‍ക്കില്‍ തുടക്കമായി. പരിസ്ഥിതി സുസ്ഥിരതയിലൂന്നിയ പ്രദര്‍ശനം  അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിലാണ് അല്‍ബിദ പാര്‍ക്കില്‍ എക്‌സ്‌പോയ്ക്ക് തുടക്കമായത്. ഉദ്ഘാടനത്തിന്റെ ഭാഗമായി അമീറും അതിഥികളും ചേര്‍ന്ന്  ചെടികള്‍ക്ക് വെള്ളമൊഴിക്കുകയും ചെയ്തു. ഖത്തറിന്റെ ദേശീയ ആലാപനത്തോടെയായിരുന്നു ഉദ്ഘാടനം. ‘ഒരു ഹരിത ഖത്തര്‍’ എന്ന തലക്കെട്ടിലുള്ള ഹ്രസ്വ സിനിമയും പ്രദര്‍ശിപ്പിച്ചു.     യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിആ അല്‍ സുഡാനി തുടങ്ങി നിരവധി ലോക നേതാക്കള്‍,ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ചറല്‍ പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റ് ലിയനാര്‍ഡോ കാപിറ്റാനിയോ, ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്‌സ്‌പൊസിഷന്‍സ് സെക്രട്ടറി ജനറല്‍ ഡിമിത്രി കെര്‍കെന്റസ്, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരും പങ്കെടുത്തു. അമീറും അതിഥികളും എക്‌സ്‌പോയിലെ പവിലിയനുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു തിരികെ മടങ്ങിയത്. 88 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്‌സ്‌പോയിലേക്ക് 30 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2024 മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ.  ∙ സവിശേഷമായി ഉദ്ഘാടന ചടങ്ങുകള്‍ പതിവു പോലെ തന്നെ ദോഹ 2023 എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങുകളും വേറിട്ട കാഴ്ചയായി. കാര്‍ഷിക കാഴ്ചകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങില്‍ രാജ്യത്തിന്റെയും അറബ് മേഖലയുടെയും പരിസ്ഥിതി സവിശേഷതകളും പൈതൃകവും സംസ്‌കാരവുമെല്ലാം പ്രതിഫലിപ്പിച്ചുകൊണ്ടു തന്നെയാണ് ഉദ്ഘാടന ചടങ്ങുകള്‍ സവിശേഷമാക്കിയത്. സന്ദര്‍ശകരെ സ്വാഗതം ചെയ്ത് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകയേന്തി പരമ്പരാഗത വസ്ത്രങ്ങളും വെള്ള വസ്ത്രങ്ങളുമണിഞ്ഞെത്തിയ ആണ്‍-പെണ്‍ കുട്ടികളുടെ പാട്ടും നൃത്തവും വേറിട്ട കാഴ്ചയായി. ഫിഫ ലോകകപ്പിന്റേതു പോലെ തന്നെ എക്കാലത്തെയും അവിസ്മരണീയ ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോ ലോകത്തിന് സമ്മാനിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഫിഫ ലോകകപ്പിന് ശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണിത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!