KSDLIVENEWS

Real news for everyone

സമൂഹമാധ്യമങ്ങളിലെ വേട്ടയാടല്‍’: അര്‍ജുന്റെ സഹോദരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തു

SHARE THIS ON

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസ്. സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതില്‍ ചേവായൂർ പോലീസാണ് കേസ് എടുത്തത്.

ബിഎൻഎസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് മനാഫ് സമൂഹമാധ്യമങ്ങൾ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അർജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനൽ ഉപയോഗിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും വിവാദം ഉയര്‍ന്നതിനു പിന്നാലെ മനാഫ് അവശ്യപ്പെട്ടിരുന്നു. സഹോദരന്‍ മുബീന്‍ ഉള്‍പ്പെടെ കുടുംബത്തിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണിത്. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പി.ആര്‍. വര്‍ക്ക് നടത്തിയിട്ടില്ലെന്നും വൈകാരികമായ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു.

യുട്യൂബ് ചാനല്‍ തുടങ്ങിയത് കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനും തന്റെ സുരക്ഷയ്ക്കുമാണ്. അര്‍ജുന്റെ കുടുംബത്തിന്റെ പേരില്‍ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പത്രസമ്മേളനം നടത്തുന്നതെന്നും ഇതോടുകൂടി വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

രാജ്യം കണ്ട ചരിത്രപരമായ ദൗത്യത്തെ ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്ത്വം ഇല്ലാതാക്കരുത്. വാഹനത്തിന്റെ ആര്‍.സി. ഉടമ മുബീനാണെന്നും എന്നാല്‍, ഉടമസ്ഥത തങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമാണെന്നും മനാഫ് വിശദീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ പ്രതികരണം കുടുംബത്തിന് എന്തെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!