കാഞ്ഞങ്ങാട് നഗരത്തിൽ സ്കൂൾ ബസിന്റെ മരണവേഗം കാരണം കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: നഗരമധ്യത്തിലൂടെ കുട്ടികളെയുമായി അമിതവേഗത്തിൽ പാഞ്ഞ സ്കൂൾ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കിഴക്കുംകര മണലിൽ സ്വദേശി എം.കൃഷ്ണൻ (67) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ കൃഷ്ണൻ റോഡ് മറികടക്കുന്നത് കണ്ട് നിർത്തിയ കാറിനെ പിന്നാലെയെത്തിയ സ്കൂൾ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം സീബ്രാ ലൈനിലുണ്ടായിരുന്ന കൃഷ്ണനെ ഇടിച്ചിട്ട്, ഡിവൈഡറും മറികടന്ന് സർവീസ് റോഡിലൂടെ കുതിച്ച ബസ് അവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിടിച്ചാണ് നിന്നത്. ബസും സ്കൂട്ടറും ഭാഗികമായും കാർ പൂർണമായും തകർന്നു. അപകടം ഉണ്ടായ ഉടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള പരിശോധന രാത്രി വൈകിയും പൊലീസ് തുടരുകയാണ്.
ഇന്നലെ വൈകിട്ട് 4.15 നാണ് സംഭവം. കാസർകോട് ദിശയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്നു കാറും ചിത്താരി അസീസിയ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസും. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് സർവീസ് റോഡിലേക്ക് ഇടിച്ചുതെറിപ്പിച്ച കൃഷ്ണന് സംഭവ സ്ഥലത്തുനിന്നുതന്നെ ബോധം നഷ്ടമായിരുന്നു. റിട്ട. ദിനേശ് ബീഡി തൊഴിലാളിയായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷിക്കാനായില്ല. ശക്തമായ ആഘാതത്തിൽ 2 തവണ റോഡിൽ കറങ്ങിത്തിരിഞ്ഞ കാർ വന്ന ദിശയിലേക്ക് തന്നെ തിരിഞ്ഞാണ് നിന്നത്. അര മണിക്കൂറിന് ശേഷം മറ്റൊരു ബസ് എത്തിയാണ് അധ്യാപകരെയും കുട്ടികളെയും വീടുകളിലെത്തിച്ചത്. പരേതരായ ആലാമി– മാണിക്കം ദമ്പതികളുടെ മകനാണ് കൃഷ്ണൻ. സഹോദരങ്ങൾ: രാമൻ (റിട്ട. ദിനേശ് ബീഡി തൊഴിലാളി), കമ്മാടത്തു, മാധവി, ശാരദ,
അശോകൻ.