കാഞ്ഞങ്ങാട് റെയിൽവേ ഇൻഫർമേഷൻ സെന്റർ അടഞ്ഞുതന്നെ
കാഞ്ഞങ്ങാട്: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ടുനിൽക്കുന്ന കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്റർ അടഞ്ഞുതന്നെ. കഴിഞ്ഞ ദിവസം സ്പെഷൽ ട്രെയിനിൽ ഡിവിഷൻ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവ്വേദി കാഞ്ഞങ്ങാട്ട് വന്നിരുന്നു. തിരുവോണത്തലേന്ന് സ്റ്റേഷന്റെ വടക്കുഭാഗത്ത് പാളം മുറിച്ചു കടക്കുമ്പോൾ കോട്ടയം ചിങ്ങവനം സ്വദേശികളായ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി ദാരുണമായി മരിക്കാനിടയായ സാഹചര്യംകൂടി കണക്കിലെടുത്താണ് ഡി.ആർ.എം സന്ദർശനം.
എന്നാൽ, പാളം മുറിച്ച് കടക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും പ്ലാറ്റ്ഫോമിന് പുറത്തേക്ക് മേൽപാലം നീട്ടണമെങ്കിൽ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് മുൻകൈയെടുക്കേണ്ടതെന്നുമായിരുന്നു ഡി.ആർ.എം പ്രതികരിച്ചത്. അതേസമയം, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്ക് ഭാഗത്തായി രണ്ടാമതൊരു ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം ഉടൻ നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച് ഉത്തരവ് ഉടനെയുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളും ബന്ധിപ്പിക്കുന്ന രണ്ടാം നടപ്പാത മേൽപാലം 2018ൽ അനുവദിച്ചതാണെങ്കിലും യാഥാർഥ്യമാക്കാൻ റെയിൽവെ സന്നദ്ധമായിരുന്നില്ല. രണ്ടാം നടപ്പാത മേൽപാലം കടന്നുപോകാനുള്ള വഴിയിലാണ് മൂന്ന് സ്ത്രീകൾ പാളം മുറിച്ചുകടക്കവെ മരിച്ചത്. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിർത്തലാക്കിയ ടിക്കറ്റ് കൗണ്ടറുകളും ഇൻഫർമേഷൻ സെന്ററുകളും പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
ദീർഘദൂര യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് നേരത്തെയുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും പുതുതായി സ്റ്റോപ്പുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ആവശ്യങ്ങളിലും നടപടി നീളുകയാണ്.
സൗകര്യങ്ങൾ ഇല്ലാതാക്കിയും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറച്ചും ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകൾ പരിമിതപ്പെടുത്തിയും കാഞ്ഞങ്ങാടിന്റെ റെയിൽവേ വരുമാനം കുറക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് റെയിൽവേയുമായി ബന്ധപ്പെട്ട സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.