കുമ്പള ഹയര്‍സെക്കന്‍ഡറിക്ക് മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം

കാസർഗോഡ്: കുമ്പള ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് കിഫ്ബിയിലൂടെ മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം വരുന്നു. ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന് ബാബു, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് സംബന്ധിച്ചു. എംസി ഖമറുദ്ദീന് എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു.
മൂന്ന് നിലയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ 15 ക്ലാസ് മുറികളാണ് ഉണ്ടാവുക. മൂന്ന് നിലയിലും ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഹൈസ്കൂള്‍ വിഭാഗത്തിന് വേണ്ടി ഈ ക്ലാസുകള്‍ ഉപയോഗപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം എം സി ഖമറുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുതായി സ്ഥാപിച്ച സോളാര്‍ പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നവീകരിച്ച സ്കൂള്‍ അടുക്കളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. മൂന്ന് നിലയിലായി ആറു ക്ലാസ്റൂമുകളാണ് ഈ കെട്ടിടത്തിലുള്ളത്. ഇതില്‍ ലൈബ്രറിയും ലാബും തയ്യാറാക്കിയിട്ടുണ്ട്. 1958ല്‍ സ്ഥാപിതമായ സ്കൂളില്‍ നിലവില്‍ 1998 വിദ്യാര്‍ത്ഥികളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലാണ് പഠനം നടന്നു വരുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരികാക്ഷ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഫരീദ സക്കീര്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എ കെ ആരിഫ്, ബ്ലോക്ക് അംഗം സത്യശങ്കര ഭട്ട്, പഞ്ചായത്ത് അംഗം രമേശ് ഭട്ട്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡിഇഒ എന്‍ ന്ദികേശന്, പൊതുവിദ്യാഭ്യാസം ജില്ലാ കോഡിനേറ്റര്‍ ദിലീപ് കുമാര്‍, കുമ്പള ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ കെ പി ഗിരീഷന്, പ്രധാനാധ്യാപിക ലിന്റമ്മ ജോണ്‍, പിടിഎ പ്രസിഡന്റ് അഹമ്മദലി കുമ്പള, പിടിഎ വൈസ് പ്രസിഡന്റുമാരായ കൊഗ്ഗു, യൂസുഫ് ഉളുവാര്‍, സ്റ്റാഫ് സെക്രട്ടറി വി കെ വി രമേശന്, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി ഉമ, മുന്‍ പിടിഎ പ്രസിഡന്റുമാരായ അഷ്റഫ് ബായാര്‍, സുരേഷ് റാവു, ഫാറൂഖ് ഷിറിയ, മുഹമ്മദ് ആനബാഗിലു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഘുദേവന്‍ മാസ്റ്റര്‍, ജയറാം ബള്ളംകൂടല്‍, അഷ്റഫ് കൊടിയമ്മ, മഞ്ചുനാഥ ആള്‍വ, സുധാകര കാമത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

