തളിപ്പറമ്പ് കുറുമാത്തൂറിൽ മാതാവ് കുളിപ്പിക്കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ട് ഡെയറി പള്ളിക്ക് സമീപത്തെ ഹിലാൽ മൻസിൽ ജാബിറിന്റെ രണ്ടുമാസം പ്രായമായ മകൻ അമീഷ് അലൻ ജാബിർ കിണറ്റിൽ വീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. മാതാവ് എം.പി.മുബഷിറ കുട്ടിയെ കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് പറയുന്നു.
മാതാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. 24 കോൽ താഴ്ചയുള്ളതാണ് കിണർ. കുറുമാത്തൂർ കടവിനടുത്ത പി.പി.നാസർ കിണറ്റിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുമ്പുഗ്രില്ലും ആൾമറയുമുള്ള കിണറാണ്. വലയുമുണ്ട്. വീട്ടിനകത്തുനിന്ന് വെള്ളം കോരാവുന്ന കിണറാണ്. അതിലൂടെ വീണുവെന്നാണ് വീട്ടുകാർ പറയുന്നത്. വിശദമായ അന്വേഷണം നടത്തിവരികയാണ്.
സഹോദരങ്ങൾ: സഫ ഫാത്തിമ, അൽത്താഫ്, അമൽ. തളിപ്പറമ്പ് ഡിവൈഎസ്‍പി കെ.ഇ.പ്രേമചന്ദ്രൻ, എസ്ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

