KSDLIVENEWS

Real news for everyone

റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ യുഎസ് ഉപരോധം; ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്

SHARE THIS ON

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനുംമേൽ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്. നവംബര്‍ മാസം 21-ാം തീയതി മുതലാണ്  യുഎസിന്റെ ഉപരോധം നിലവില്‍വരിക. അമേരിക്കന്‍ നടപടിയുടെ പ്രത്യാഘാതം പൂര്‍ണമായതോതില്‍ ഇപ്പോള്‍ വിലയിരുത്താനാകില്ലെങ്കിലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വ്യക്തമായ ചിത്രം പുറത്തെത്തുമെന്നാണ് വിവരം.

ഒക്ടോബര്‍ 27-ാം തീയതി അവസാനിച്ച ആഴ്ചയില്‍, റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം പ്രതിദിനം 1.19 ദശലക്ഷം ബാരല്‍ (ബിപിഡി-ബാരല്‍ പെര്‍ ഡേ) ആയി ചുരുങ്ങിയിരുന്നു. അതിന് തൊട്ടുമുന്‍പത്തെ രണ്ട് ആഴ്ചകളിലെ 1.95 ബിപിഡിയില്‍നിന്നായിരുന്നു ഈ വന്‍ ഇടിവ് എന്നതാണ് ശ്രദ്ധേയം. റോസ്‌നെഫ്റ്റില്‍നിന്നും ലുക്കോയിലില്‍നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതാണ് ഈ ഇടിവിന് കാരണം. റഷ്യയിലെ എണ്ണ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും പാതിയിലേറെയും റോസ്‌നെഫ്റ്റും ലുക്കോയിലും വഴിയാണ് നടക്കുന്നത്. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടുഭാഗവും മുന്‍പ് ഈ കമ്പനികള്‍ വഴിയായിരുന്നു.

റോസ്‌നെഫ്റ്റില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 0.81 ദശലക്ഷം ബിപിഡി ആയി കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 27-ന് അവസാനിച്ച വാരത്തിലെ കണക്കാണിത്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 1.41 ദശലക്ഷം ബിപിഡി ആയിരുന്നു. അതില്‍നിന്നാണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. അതേസമയം, ഒക്ടോബര്‍ 27-ന് അവസാനിച്ച ആഴ്ചയില്‍ ലുക്കോയിലില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിയിട്ടില്ല. ഇതിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇത് 0.24 ദശലക്ഷം ബിപിഡി ആയിരുന്നു.എണ്ണ വില്‍പനയിലൂടെ റഷ്യയ്ക്കുണ്ടാകുന്ന സാമ്പത്തികനേട്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമതും എത്തിയതിന് പിന്നാലെ റഷ്യക്കുമേല്‍ കൈക്കൊണ്ട ആദ്യ ഉപരോധമാണിത്. റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേലുള്ള അമേരിക്കന്‍ ഉപരോധം റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കും. എച്ച്പിസില്‍-മിത്തല്‍ എനര്‍ജി, ഐഒസി തുടങ്ങിയ കമ്പനികള്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി അറിയിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!