സംസ്ഥാനത്ത് ഇനി വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറം, കുറവ് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തിൽ കണക്കെടുത്തപ്പോൾ അയ്യായിരത്തോളം അധ്യാപകർ വാക്സിനെടുക്കാനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 1707 പേരായി കുറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകർ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തിൽ വാക്സിൻ എടുക്കാതിരുന്നത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തിൽ വലിയ ചർച്ചയുണ്ടായി. കൂടൂതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായി.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിൻ എടുക്കാനുണ്ട്. ഹയർസെക്കൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകരും വാക്സിൻ എടുക്കാനുണ്ട്.
ആരോഗ്യ പ്രശ്നങ്ങളാൽ വാക്സിനെടുക്കാത്ത അധ്യാപകർ ഇതുമായി ബന്ധപ്പെട്ട രേഖകൾ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജറാക്കണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർ.ടി.പി.സി.ആർ പരിശോധന നടത്തി റിസൾട്ട് ഹാജരാക്കണം.
ആരോഗ്യ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായി സംസാരിച്ചാണ് സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കിയത്. മാർഗരേഖയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി തന്നെ നടപ്പിലാക്കാൻ കഴിഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും സ്കൂൾ തുറന്ന ശേഷം അടയ്ക്കേണ്ട സാഹചര്യമുണ്ടായി.
ഈ മാർഗരേഖയിൽ മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സർക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 110
കൊല്ലം- 90
പത്തനംതിട്ട- 51
കോട്ടയം- 74
ഇടുക്കി- 43
ആലപ്പുഴ- 89
എറണാകുളം- 106
തൃശൂർ- 124
പാലക്കാട്- 61
മലപ്പുറം- 201
കോഴിക്കോട്- 151
വയനാട്- 29
കണ്ണൂർ- 90
കാസർകോട്- 36

