ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും കൂട്ടക്കുരുതി; 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 700 ലധികം പേര്

ഗാസ: താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചയുടൻ ഗസ്സയിലുടനീളം നടത്തുന്ന കൂട്ടക്കുരുതി മൂന്നാംദിനവും തുടര്‍ന്ന് ഇസ്രായേല്‍ സേന.
വടക്കൻ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍ രണ്ടാംദിനവും നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര് കൊല്ലപ്പെട്ടു.
ഖാൻ യൂനുസിലും റഫയിലുമടക്കം 24 മണിക്കൂറിനിടെ 700 പേരെയാണ് സൈന്യം കൂട്ടക്കൊല ചെയ്തതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അല്‍ഫലൂജയില്‍ നടത്തിയ ആക്രമണത്തില്‍ പ്രമുഖ ഫലസ്തീൻ ശാസ്ത്രജ്ഞൻ സൂഫിയാൻ തായിഹും കുടുംബവും കൊല്ലപ്പെട്ടു.
അതേസമയം, ഹമാസിനെ തകര്‍ക്കാനും ബന്ദികളെ മോചിപ്പിക്കാനും കൂടുതല്‍ സൈനികരെ രംഗത്തിറക്കി കരയുദ്ധവും ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാതെ ഇനി ബന്ദിമോചനത്തെക്കുറിച്ച ചര്‍ച്ചയില്ലെന്ന് ഹമാസും അറിയിച്ചു. നേരത്തേ സൈനികസേവനം
നിര്‍വഹിച്ച സിവിലിയന്മാരും സൈനികരുമാണ് ബന്ദികളില്‍ അവശേഷിക്കുന്നതെന്ന് ഹമാസ് ഉപമേധാവി സാലിഹ് അല്‍ അറൂറി പറഞ്ഞു.
ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കുള്ള 800 പ്രവേശനകവാടങ്ങള്‍ കണ്ടെത്തിയതായും 500 എണ്ണം നശിപ്പിച്ചതായും ഇസ്രായേല്‍ സേന അവകാശപ്പെട്ടു.

