മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളവും വെള്ളത്തിൽ, ഉച്ചയോടെ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്,

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത. മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നെെ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തിരിച്ചുമുള്ള 40 സർവീസുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. അതിനിടെ, ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

