ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് റദ്ദാക്കി ഹോങ്കോങ്

ഒമിക്രോണ്‍ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് റദ്ദാക്കി ഹോങ്കോങ്. ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാറുകളും ജിമ്മുകളും സായാഹ്ന റെസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിന് ഹോങ്കോങ്ങില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ചൈനയെ പോലെ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് നീങ്ങിയിരിക്കുന്നത്. കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് അതിര്‍ത്തികള്‍ അടക്കുകയും കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പൊതു പരിപാടികള്‍ നടത്താനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കുന്നില്ല. കാഥേ പസഫിക് എയര്‍ലൈന്‍ സ്റ്റാഫില്‍ കണ്ടെത്തിയ വൈറസ് ബാധ അതിവേഗം മറ്റുള്ളവരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിമാന താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും വിമാന സര്‍വീസ് റദ്ദാക്കുകയും ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് രാജ്യത്തെ ഒരു പ്രധാന നഗരത്തില്‍ 114 ഒമിക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തി. വൈറസ് ബാധ ഭൂരിഭാഗവും വിമാനത്താവളത്തില്‍ അല്ലെങ്കില്‍ 21 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് സമയത്താണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒമിക്രോണ്‍ അതിവേഗം പടരുന്നതിനെ തുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതായി ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു.

