KSDLIVENEWS

Real news for everyone

ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

SHARE THIS ON

കാസർകോട്: നിറവയറുമായി ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർകോട് മഞ്ചേശ്വരം മജൂർപള്ള നീരോളികെ സ്വദേശിനിയായ 32 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മംനൽകിയത്.


വ്യാഴാഴ്ച രാവിലെ എട്ടോടെ യുവതിക്ക് പ്രസവവേദന തുടങ്ങിയതോടെ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം മംഗൽപാടി താലൂക്കാസ്പത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

ആംബുലൻസ് ഡ്രൈവർ പി.പ്രണവ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം.എസ്.അനുരൂപ് എന്നിവർ സ്ഥലത്തി യുവതിയുമായി ആസ്പത്രിയിലേക്ക് തിരിച്ചു.


ആംബുലൻസ് ദേർളകട്ടെ എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനുരൂപ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്നും മനസ്സിലാക്കിയാണ് ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത്.

9.36-ഓടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനുരൂപിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.


തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി അനുരൂപ് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി.

ഉടൻ ഇരുവരെയും യേനപ്പോയയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!