ഫലസ്തീൻ കൂട്ടക്കുരുതി: ടെക് ലോകത്തെ മുസ്‍ലിംകള്‍ അസ്വസ്ഥരാണ് – ഓപ്പൺ എ.ഐ സിഇഒ സാം ആള്‍ട്ട്മാൻ

ടെക് ലോകത്തെ മുസ്ലീം, അറബ് അംഗങ്ങള്‍ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അസ്വസ്ഥരാണെന്ന് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാൻ.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു ആള്‍ട്ട്മാന്റെ പ്രസ്താവന.
താൻ സംസാരിച്ച ടെക് സമൂഹത്തിലെ മുസ്ലീം, അറബ് (പ്രത്യേകിച്ച് ഫലസ്തീൻ) സഹപ്രവര്‍ത്തകര്‍ക്ക് അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ അസ്വസ്ഥത തോന്നുകയാണെന്ന് സാം ആള്‍ട്ട്മാൻ സാമൂഹിക മാധ്യമമായ ‘എക്സി’ല്‍ കുറിച്ചു. പലപ്പോഴും പ്രതികാര നടപടിയുണ്ടാകുമോ എന്ന ഭയവും ജോലി സാധ്യതകള്‍ ഇല്ലാതാകുമോ എന്നതുമാണ് ഇതിന് കാരണമാകുന്നത്. ഇവരോട് സഹാനുഭൂതിയോടെ പെരുമാറാനും ടെക് മേഖലയിലുള്ളവരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജൂത സമൂഹത്തിന്റെ അനുഭവങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അതിനും ആള്‍ട്ട്മാൻ മറുപടി നല്‍കി. ‘ഞാൻ ജൂതമതക്കാരനാണ്. ജൂതവിരുദ്ധത ലോകത്തിലെ പ്രധാനപ്പെട്ടതും വളരുന്നതുമായ പ്രശ്നമാണെന്ന് ഞാൻ
വിശ്വസിക്കുന്നു.
ഞങ്ങളുടെ മേഖലയിലെ ഒരുപാട് ആളുകള്‍ ഇക്കാര്യത്തില്‍ എനിക്കൊപ്പം നിലകൊള്ളുന്നുണ്ട്, അത് ഞാൻ വളരെയധികം വിലമതിക്കുന്നു. പക്ഷെ, മുസ്ലീംകളുടെ കാര്യത്തില്‍ അത് കുറവുള്ളതായാണ് ഞാൻ കാണുന്നത്’ -സാം ആള്‍ട്ട്മാൻ മറുപടി നല്‍കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയിലെ പ്രമുഖ കമ്ബനിയാണ് ഓപണ്‍ എഐ. 2019 മുതല്‍ കമ്ബനിയുടെ സിഇഒ ആണ് സാം ആള്‍ട്ട്മാൻ. കഴിഞ്ഞ നവംബറില്‍ തല്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചെടുത്തു. സാം ആള്‍ട്ട്മാന്റെ നേതൃത്വത്തില്‍ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചാണ് ഓപണ്‍ എഐ വിപ്ലവം സൃഷ്ടിക്കുന്നത്.

