ഗസ്സയില്‍ നടത്തുന്നത് വംശഹത്യ’; ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയില്‍

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെയാണ് ലോകത്തിലെ മിക്ക രാജ്യങ്ങളും നിലകൊള്ളുന്നത്. യുഎന്നിലടക്കം നിരവധി രാജ്യങ്ങള്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നിലപാടെടുത്തു.
എന്നാല്‍ ഇതിനെതിരെ ആദ്യമായി നിയമ യുദ്ധം തുടങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഡിസംബര്‍ 29നാണ് ഹേഗിലെ ഇൻറര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ രാജ്യം ഹരജി നല്‍കിയത്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന രൂക്ഷ ആക്രമണം നിര്‍ത്താൻ സമ്മര്‍ദം ചെലുത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഇസ്രായേല്‍ അതിക്രമത്തില്‍ അനവധി കുട്ടികളും സ്ത്രീകളുമടക്കം 23,000ത്തോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ ആക്രമണം വംശഹത്യയായി കണക്കാക്കണമെന്നാണ് ദക്ഷിണാഫ്രിക്ക നല്കിയ 84 പേജുള്ള പരാതിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഫലസ്തീൻ ദേശീയ, വംശീയ വിഭാഗത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഹരജിയിലെ ആരോപണത്തെ ഇസ്രായേല്‍ നിഷേധിച്ചു. സെമിറ്റിക് വിരുദ്ധമായ പഴയ ആരോപണങ്ങളെ സൂചിപ്പിച്ച് ‘ഇത് ബ്ലഡ് ലിബെല്‍ അഥവാ രക്ത അപകീര്‍ത്തി’യാണെന്നാണ് അവര്‍ വാദിച്ചത്. മധ്യകാലഘട്ടത്തില്‍ ജൂതര്‍ ക്രിസ്ത്യൻ ആണ്‍കുട്ടികളെ കൊന്ന് രക്തം മതപരമായ ആചാരങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന നുണകളെ സൂചിപ്പിച്ചാണ് ഈ പരാമര്‍ശം
ദക്ഷിണാഫ്രിക്ക ഹരജി നല്‍കിയതിന് പിറകിലെ കാരണം?
ഐക്യരാഷ്ട്രസഭയിലുള്‍പ്പെടെ ആഭ്യന്തരമായും അന്തര്‍ദേശീയമായും രാഷ്ട്രപദവിക്കുവേണ്ടിയുള്ള ഫലസ്തീന്റെ ആവശ്യത്തെ ദക്ഷിണാഫ്രിക്ക ദശാബ്ദങ്ങളായി പിന്തുണക്കുന്നുണ്ട്. വര്‍ണവിവേചന കാലത്ത് തങ്ങളുടെ കറുത്തവര്‍ഗ്ഗക്കാര്‍ നേരിട്ട തിക്താനുഭവങ്ങളോടാണ് അധിനിവേശത്തിൻ കീഴില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ ജീവിതത്തെ ദക്ഷിണാഫ്രിക്ക ഉപമിക്കുന്നത്. പല പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങളും സമാനമായ താരതമ്യം നടത്തിയിട്ടുണ്ട്. ഫലസ്തീനികളോട് ഇസ്രായേല്‍ നടത്തുന്നത് വര്‍ണവിവേചനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഇത് ശക്തമായി നിരാകരിക്കുകയാണ് ചെയ്യാറുള്ളത്
വര്‍ണവിവേചനം, ആട്ടിപ്പുറത്താക്കല്‍, വംശീയ ഉന്മൂലനം, അധിനിവേശം, വിവേചനം, ഫലസ്തീൻ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിന്റെ നിരന്തരമായ നിഷേധം എന്നിവയുടെ പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ വംശഹത്യ തടയുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി.
ഗസ്സയിലെ സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ പലതവണ ഇസ്രായേലിനെ അറിയിച്ചിരുന്നുവെന്നും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും ദക്ഷിണാഫ്രിക്ക ഹരജിയില്‍ പറഞ്ഞു.
വംശഹത്യയുടെ പരിധിയില്‍ ഇസ്രായേല്‍ എത്തുകയാണെന്ന ആശങ്ക ഉയര്‍ത്തി ഡിസംബര്‍ 21 ന് രാജ്യം വാക്കാലുള്ള ഒരു കുറിപ്പ് – ഔപചാരികവും ഒപ്പിടാത്തതുമായ നയതന്ത്ര കുറിപ്പ് – ഇസ്രായേല്‍ എംബസിക്ക് അയച്ചുവെന്നും എന്നാല്‍ ഈ കുറിപ്പിനോട് ഇസ്രായേല്‍ നേരിട്ട് പ്രതികരിച്ചിട്ടില്ലെന്നും അപേക്ഷയില്‍ പറഞ്ഞു. ഇതിനെ തുടന്ന് ദക്ഷിണാഫ്രിക്ക ഹരജി സമര്‍പ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പറഞ്ഞു.
ആശുപത്രികള്‍ ഉപരോധിച്ചും അവിടെ ബോംബിട്ടും ഇസ്രായേല്‍ ഫലസ്തീനികളുടെ മരണസഖ്യ കൂട്ടുന്നതും ദക്ഷിണാഫ്രിക്കയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടി. പാര്‍പ്പിടങ്ങളിലെ ബോംബാക്രമണം, കൂട്ട പലായനം, ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥ എന്നിവയും പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണം 70 ശതമാനം വീടുകളും നശിപ്പിക്കുകയും 2.3 ദശലക്ഷം ജനസംഖ്യയുടെ 85 ശതമാനത്തെയും കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടാൻ നിര്‍ബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. സിവിലിയന്മാരെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹമാസിനെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ സൈന്യം
സൈനിക നടപടിയിലുടനീളം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി ആ രീതിയിലല്ല നടക്കുന്നത്.
എന്താണ് വംശഹത്യ?
‘ഒരു ദേശീയ, വംശീയ, അല്ലെങ്കില്‍ മതപരമായ ഗ്രൂപ്പിനെ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍’ എന്നാണ് വംശഹത്യയെ ആഗോള തലത്തില്‍ വീക്ഷിക്കപ്പെടുന്നത്. യുഎൻ വംശഹത്യ കണ്‍വെൻഷന്റെ ആര്‍ട്ടിക്കിള്‍ II, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ റോം ചട്ടം എന്നിവയില്‍ പറഞ്ഞിരിക്കുന്ന ഈ വംശഹത്യാ നിര്‍വചനം അന്താരാഷ്ട്ര നിയമം അംഗീകരിച്ചതാണ്. യുഎസ്, ജര്‍മ്മനി, ഫ്രാൻസ്, യുകെ എന്നിവയുള്‍പ്പെടെ 130-ലധികം രാജ്യങ്ങളും ഈ നിര്‍വ്വചനം അംഗീകരിച്ചിട്ടുണ്ട്. ഇസ്രായേലും ദക്ഷിണാഫ്രിക്കയും വംശഹത്യ കണ്‍വെൻഷനെ സ്വീകരിക്കുന്നവരാണ്. അതിനാല്‍ തന്നെ ‘വംശഹത്യാ കുറ്റം തടയാനും അവ ചെയ്താല്‍ ശിക്ഷിക്കാനുമുള്ള നടപടികള്എടുക്കാൻ അവര്‍ ബാധ്യസ്ഥരുമാണ്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ആറ്
ദശലക്ഷം ജൂതന്മാര് കൊല്ലപ്പെട്ട ഹോളോകോസ്റ്റിന് ശേഷം, 1948 ഡിസംബര്‍ 9-നാണ് വംശഹത്യാ കണ്വെൻഷൻ സംഘടിപ്പിക്കപ്പെട്ടത്.

