തടവറ കമ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവെച്ചത്’; പെരിയ കൊലക്കേസ് പ്രതികളെ സന്ദർശിച്ച് പി. ജയരാജൻ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച അഞ്ചുപേരെ സന്ദര്‍ശിച്ച് പി. ജയരാജന്‍. പ്രതികളെ സന്ദര്‍ശിച്ചുവെന്നും ‘കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറിയെന്നും ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവെച്ചതാണ്, തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടതെന്നും അത്തരം ശ്രമം വിജയിക്കില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതങ്ങള്‍ എല്ലാം അവസാനിപ്പിക്കാനാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ, കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടര വര്‍ഷക്കാലത്ത് പൊതുവെ വര്‍ഗീയ സംഘര്‍ഷങ്ങളും അക്രമസംഭവങ്ങളുമില്ലാത്ത അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നുപോയത്. പക്ഷെ, മാര്‍ക്‌സിസ്റ്റ് ജ്വരം ബാധിച്ചുകൊണ്ട് പക്ഷപാതപരമായി മാധ്യമങ്ങള്‍ കാര്യങ്ങളെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ കോപ്പിരാട്ടികൊണ്ടൊന്നും കമ്യൂണിസ്റ്റുകാര്‍ പേടിച്ചുപോവില്ല. സി.പി.എമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണ? പല കോടതി വിധികളും ഉപരികോടതികളെ സമീപിച്ച് നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞ സംഭവങ്ങളുണ്ട്. അതുപോലെ ഈ കേസിലും പോരാടുമെന്ന് പ്രതികള്‍ അറിയിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകീട്ടാണ് പെരിയ കേസിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താംപ്രതിയെയും കണ്ണൂരിലെത്തിച്ചത്. കേസില്‍ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ. പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്.
എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍. ഇവര്‍ക്ക് പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ. സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.