KSDLIVENEWS

Real news for everyone

അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി നാളെ കാസർകോട്ട് തുടങ്ങും: പങ്കെടുക്കുന്നത്‌ 4000-ഓളം ഉദ്യോഗാർഥികൾ; 100-ഓളം പട്ടാളക്കാർ

SHARE THIS ON

കാസർകോട്: പുതിയ ബാച്ച് അഗ്നിവീർ ജവാന്മാരെ തിരഞ്ഞെടുക്കാനുള്ള റിക്രൂട്ട്‌മെന്റ് റാലിക്കൊരുങ്ങി വിദ്യാനഗറിലെ നഗരസഭാ സ്റ്റേഡിയം. കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസിന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.

ഓൺലൈൻ പരീക്ഷ വിജയിച്ച കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെയും കേന്ദ്രഭരണപ്രദേശമായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും 4000-ഓളം ഉദ്യോഗാർഥികളാണ് അഞ്ചുദിവസങ്ങളിലായി നടക്കുന്ന റാലിയിൽ പങ്കെടുക്കുക. ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ, ക്ലാർക്ക്/സ്റ്റോർകീപ്പർ, ട്രേഡ്‌സ്മാൻ തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്. ദിവസവും ശരാശരി 800 പേർക്കുള്ള കായികക്ഷമതാപരീക്ഷ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ എഡിഎം പി.അഖിൽ ഫ്ളാഗ് ഓഫ് ചെയ്യും. 1600 മീറ്റർ ഓട്ടം, പുൾ അപ്, സിഗ് സാഗ് ബാലൻസ്, ജമ്പിങ് എന്നിവയിൽ വിജയിക്കുന്നവരുടെ നേത്ര-ശാരീരിക അളവ് -സർട്ടിഫിക്കറ്റ് പരിശോധനകൾ പൂർത്തിയാക്കും. ഇവർക്കായി പിറ്റേദിവസം വൈദ്യപരിശോധനയുമുണ്ടാകും.

തൊട്ടടുത്തുള്ള സൺറൈസ് പാർക്കിലാണ് വൈദ്യപരിശോധനയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. റാലിയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളുൾപ്പെടെ സ്റ്റേഡിയം പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

റാലി നടത്താനായി കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് ജീവനക്കാരും കണ്ണൂർ ഡിഎസ്‌സിയിലെ 100-ഓളം പട്ടാളക്കാരും കാസർകോട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!