KSDLIVENEWS

Real news for everyone

അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ; ‘മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പിൽ, തീരുമാനത്തെ എതിര്‍ത്ത് ഇറങ്ങിയോടാൻ പറ്റില്ല, കൗണ്‍സിലറായി തുടരും’

SHARE THIS ON

തിരുവനന്തപുരം; കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ 
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് താൻ. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്.

എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. വിവി രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്‍റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ തന്നെ ഉണ്ടാകുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. 
 
നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് ആര്‍ ശ്രീലേഖ
 
ഓണ്‍ലൈൻ മാധ്യമത്തിലെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോടും ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞു. അ‍ഞ്ചു വര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും നിയമസഭയിലേയ്ക്ക് മത്സരിക്കാൻ തത്കാലം താല്‍പര്യമില്ലെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ശ്രീലേഖയെ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവിൽ മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് ശ്രീലേഖ വ്യക്തമാക്കിയത്. നിയമസഭയിലേയ്ക്ക് താൻ മത്സരിക്കണമെങ്കിൽ അതിന്‍റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തമെന്ന ശ്രീലേഖയുടെ ഉപാധിക്ക് അനുസരിച്ച് ബിജെപി നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. അതേസമയം, ശ്രീലേഖയുടെ തുറന്നുപറച്ചിലിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മേയര്‍ വിവി രാജേഷ്.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തിയശേഷമാണ് മേയര്‍ സ്ഥാനം സംബന്ധിച്ചുള്ള അതൃപ്തിയും ചര്‍ച്ചയാകുന്നത്. ശാസ്തമംഗലത്ത് കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി മുൻ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയത് മുതൽ മേയര്‍ സ്ഥാനവും ചര്‍ച്ചയായിരുന്നു. വിവി രാജേഷിന്‍റെയും ആര്‍ ശ്രീലേഖയുടെയും പേരുകളായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതൽ ഉയര്‍ന്നുകേട്ടിരുന്നത്. അവസാന നിമിഷം വരെ മേയര്‍ ആരാകുമെന്നതിൽ ബിജെപി സസ്പെന്‍സും തുടര്‍ന്നിരുന്നു. തുടര്‍ന്ന് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ മത്സരത്തിന് മുമ്പായിട്ടാണ് ബിജെപി വിവി രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചത്. മേയറുടെയും  ഡെപ്യൂട്ടി മേയറുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ  നിന്ന് ആര്‍ ശ്രീലേഖ നേരത്തെ മടങ്ങിപോയതും വാര്‍ത്തയായിരുന്നു. തന്നെ തഴഞ്ഞതിൽ നീരസത്തിലായിരുന്ന ശ്രീലേഖ, മേയറും ഡെപ്യൂട്ടി മേയറും ചുമതലയേറ്റശേഷണുള്ള ആഹ്ലാദ പ്രകടങ്ങള്‍ക്ക് നിൽക്കാതെയാണ് കൗണ്‍സിൽ ഹാളിൽ നിന്ന് പോയത്. ഒറ്റയ്ക്ക് കൗണ്‍സിൽ ഹാള്‍ വിട്ടിറങ്ങിയ ആര്‍ ശ്രീലേഖയെ വീട്ടിലെത്തി മേയറും ഡെപ്യൂട്ടി മേയറും കണ്ടിരുന്നെങ്കിലും അതൃപ്തി തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!