KSDLIVENEWS

Real news for everyone

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ 30 കോടി കാസർകോട് സ്വദേശിക്ക്‌

SHARE THIS ON

അബുദാബി:അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം (30 കോടിയോളം രൂപ) കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുന്ന തൃക്കരിപ്പൂർ സ്വദേശിനിക്ക്. തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തസ്‌ലീന പുതിയപുരയിലിനെയാണ് ഭാഗ്യംതേടിയെത്തിയത്. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഖത്തറിലെ ദോഹയിൽ താമസിക്കുന്ന ഇവർ ജനുവരി 26-ന് ഓൺലൈനായെടുത്ത 291310 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അവിശ്വസനീയമാണിതെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ആദ്യ ഫോൺകോളിന് തസ്‌ലീനയുടെ മറുപടി.

പ്രമുഖ ഹോട്ടൽ ശൃംഖലയായ എം.ആർ.എ.യുടെ ഉടമകളിലൊരാളായ അബ്ദുൽ ഖദ്ദാഫാണ് ഭർത്താവ്. തമിഴ് സിനിമാതാരം ആര്യയുടെ (ജംഷി) സഹോദരി കൂടിയാണ് തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശിനിയായ തസ്‌ലീന. ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളും.

രണ്ടാം നറുക്കായ മൂന്നരലക്ഷം ദിർഹത്തിന് (69.5 ലക്ഷം രൂപ) ദുബായിൽ ജോലി ചെയ്യുന്ന പ്രേം മോഹൻ അർഹനായി. മൂന്നാം നറുക്കായ ഒരു ലക്ഷം ദിർഹത്തിന് (19 ലക്ഷത്തോളം രൂപ) അലി അസ്‌കറും നാലാം നറുക്കായ 80,000 ദിർഹത്തിന് (15 ലക്ഷത്തോളം രൂപ) നിധിൻ പ്രകാശും അർഹരായി. ബിഗ് ടിക്കറ്റിന്റെ ആഡംബര കാർ നറുക്കും ഇന്ത്യക്കാരി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!