സുധാകരന്റെ പരാമര്‍ശം ആക്ഷേപമായി കാണുന്നില്ല; അഭിമാനം മാത്രം – പിണറായി

രുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന കെ.സുധാകരന്റെ പ്രസ്താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ച് ആ വിളി താൻ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരനെ ബ്രണ്ണൻ കോളേജിൽ പഠിക്കാൻ വന്നത് മുതൽ അറിയാം. ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാൻ കാണുന്നില്ല. തന്റെ അച്ഛനും സഹോദരനും ചെത്തുത്തൊഴിലെടുത്തവരാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പരസ്പരം വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബഹുജനങ്ങളിൽ നിന്ന് പിരിവ് നടത്തുന്നവർ സുതാര്യത പുലർത്തണം. ചിലർ മറിച്ച് കാര്യങ്ങൾ നടത്താറുണ്ടെന്ന് നേരത്തേയും ആക്ഷേപം ഉയർന്നതാണ്. പരാതികളുയർന്നാൽ സർക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലീഗിന്റെ ഫണ്ട് പിരിവ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.

