KSDLIVENEWS

Real news for everyone

മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് മുതല്‍; 50 വയസ്സ് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍

SHARE THIS ON

ന്യൂഡൽഹി: കോവിഡിനെതിരെ മൂന്നാം ഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 50 വയസ്സിന് മുകളിൽ പ്രായമുള്ളതും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 5 കോടി ജനങ്ങൾക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിലെ ചോദ്യോത്തരവേളയിൽ വാക്സിൻ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി.

രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി ധനമന്ത്രി 35000 കോടി രൂപയാണ് വകയിരുത്തിയത്. ആവശ്യമെങ്കിൽ അത് വർധിപ്പിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ കോവിഷീൽഡ് വാക്സിനും കോവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ 7 പുതിയ വാക്സിൻ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഹർഷവർധൻ സഭയെ അറിയിച്ചു.

വാക്സിൻ ആവശ്യവുമായി 22 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങൾക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്സിൻ സഹായമായും 5 ലക്ഷം ഡോസ് കരാർ അടിസ്ഥാനത്തിലും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!