KSDLIVENEWS

Real news for everyone

ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല’;ഛണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ സുപ്രീംകോടതി

SHARE THIS ON

ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ അതി രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെന്ന്‌ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 19-ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാനും വരണാധികാരിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വരണാധികാരി അനില്‍ മസീഹിനെതിരെ പ്രോസിക്യുഷന്‍ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവായി സമര്‍പ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് അതിനിശിതമായ വരണാധികാരിയെ വിമര്‍ശിച്ചത്. തിരഞ്ഞടുപ്പില്‍ നടന്ന കാര്യങ്ങള്‍ തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വരണാധികാരി വികൃതമാക്കി എന്നത് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ബാലറ്റ് പേപ്പറുകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പടെ എല്ലാം മാറ്റാനാണ് നിര്‍ദേശം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി, സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. ഏഴാം തീയതി നടത്താനിരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗം നീട്ടി വയ്ക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ മാത്രമാണ് കോടതിയില്‍ എത്തിയതെന്നും മുഴുവന്‍ ദൃശ്യങ്ങളും കോടതി കാണണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കറിനെ മേയറായി പ്രഖ്യാപിച്ചത്. എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് 12 വോട്ടുകളാണ് ലഭിച്ചത്. എട്ടു വോട്ടുകള്‍ അസാധുവായെന്ന് വരണാധികാരി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!