മുഖ്യമന്ത്രി ചർച്ച; സാദിഖലി തങ്ങളുടെ പ്രസ്താവന ഗൗരവത്തിലെടുക്കേണ്ടെന്ന് പി.എം.എ സലാം
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. അനവസരത്തിൽ നടക്കുന്ന ചർച്ചകളാണിത്. അത്തരം ചർച്ചകളിലേക്ക് മുസ്ലിം ലീഗ് കടന്നിട്ടില്ല. സാദിഖലി തങ്ങളുടേത് ഗൗരവകരമായ പ്രസ്താവന അല്ലെന്നും അത്തരം ചർച്ചകൾ അന്തരീക്ഷത്തിൽ നിൽക്കുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു. സാങ്കൽപ്പികമായ ചോദ്യത്തിന് പരിഹാസ രൂപേണയാണ് സാദിഖലി തങ്ങൾ മറുപടി പറഞ്ഞത്. മുസ്ലിം ലീഗ് അനവസരത്തിൽ പ്രസ്താവനകൾ നടത്താറില്ലെന്നും പി.എം.എ സലാം മാതൃഭൂമിയോട് പറഞ്ഞു.
ഏത് കാര്യം എപ്പോൾ പറയണമെന്ന് ലീഗിന് നന്നായി അറിയാം. മുഖ്യമന്ത്രിയേ കുറിച്ചോ ഉപമുഖ്യമന്ത്രിയേ കുറിച്ചോ ലീഗ് ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കാര്യത്തിലേക്കും ലീഗ് കടന്നിട്ടില്ല. ഇപ്പോൾ അതിനുള്ള അവസരവും അവസ്ഥയും ഇല്ലെന്നും പി.എം.എ സലാം പറഞ്ഞു.
ലീഗിൽ തലമുറമാറ്റം ഉണ്ടാവുമെന്ന സൂചനകളും പി.എം.എ സലാം നൽകി. തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ലീഗിനെ നയിക്കും. അതിന് ശേഷം എന്ത് എന്ന കാര്യം ലീഗും യുഡിഎഫും തീരുമാനിക്കും. പി.കെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പിനെ നയിക്കും എന്നത് ലീഗിൽ തലമുറമാറ്റം ഇല്ലെന്ന് വ്യക്തമാക്കുന്നതല്ലേ എന്ന ചോദ്യത്തിന് അങ്ങനെ ഒരു തീരുമാനം ലീഗ് എടുത്തിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.