KSDLIVENEWS

Real news for everyone

ദേശീയപാതാ നിർമാണം; ജില്ലയിൽ കാലവർഷത്തിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളൊഴിവാക്കാൻ മുൻകരുതൽ നടപടി തുടങ്ങി

SHARE THIS ON

കാസർകോട്: ദേശീയപാതാ നിർമാണമേഖലയിൽ കാലവർഷത്തിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കമുള്ള ദുരന്തം തടയാൻ ജില്ലാ ഭരണസംവിധാനം മുൻകരുതൽ നടപടി സ്വീകരിക്കുന്നു. ദേശീയപാതയിൽ രണ്ടാം റീച്ചായ ചെങ്കള മുതൽ നീലേശ്വരം വരെയും മൂന്നാം റീച്ചായ നീലേശ്വരം മുതൽ കാലിക്കടവ് വരെയും കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടും മണ്ണിടിച്ചിലും ദുരന്ത സമാനമായ സാഹചര്യമുണ്ടാക്കിയതിനാലാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് ഇതുസംബന്ധിച്ച യോഗം ചേർന്നത്.

ദേശീയപാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, അസി. എൻജിനീയർമാർ, സെക്രട്ടറിമാർ എന്നിവരുടെ യോഗം അടിയന്തരമായി തദ്ദേശസ്ഥാപനതലത്തിൽ ചേരാൻ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർക്കാണ് ഏകോപന ചുമതല. കാലവർഷത്തിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി ദേശീയപാതാ നിർമാണത്തിലെ തത്‌സ്ഥിതി വിവരങ്ങൾ 20-നകം കളക്ടർക്ക് സമർപ്പിക്കണം. കളക്ടർ ദേശീയപാതാ അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

മഴക്കാലത്തിനുമുൻപ് ഓവുചാലുമായി ബന്ധപ്പെട്ട പണികൾ പൂർത്തീകരിക്കണം. പഞ്ചായത്തിന്റെ കീഴിലുള്ള ഓവുചാലുകളിൽ പഞ്ചായത്തിനുതന്നെ പ്രവൃത്തികൾ പൂർത്തീകരിക്കാമെന്നും ഇതിനായി തദ്ദേശവകുപ്പ് എൻജിനീയർമാരോട് സ്കെച്ചുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കാനും നിർദേശിച്ചു. ഓവുചാലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നേതൃത്വത്തിൽ ഓൺലൈൻ യോഗം വിളിച്ച് രണ്ട് ദിവസത്തിനുള്ളിൽ കളക്ടർക്ക് യോഗത്തിന്റെ മിനിറ്റ്സ് നൽകണം. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നിർദേശങ്ങളും എസ്റ്റിമേറ്റുകളും 20-നകം ദേശീയപാതാ അതോറിറ്റിക്ക് കൈമാറണം.

ജില്ലാ വികസനസമിതി യോഗ തീരുമാനപ്രകാരം ദേശീയപാതാ നിർമാണമേഖലയിലെ പരാതികൾ അറിയിക്കാൻ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ദേശീയപാതയിലുണ്ടാകുന്ന വെള്ളക്കെട്ട്, മണ്ണിടിച്ചിൽ പ്രശ്നങ്ങൾ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും nhcomplaintsksd@gmail.com എന്ന ഇ-മെയിലിൽ അയക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!