KSDLIVENEWS

Real news for everyone

ഉമർ ഫൈസി മുക്കം വഖഫ് ബോർഡ് അംഗം; നാമനിർദേശം ചെയ്ത് സർക്കാർ, എ.എ.റഹീമും കെ.പി.കുഞ്ഞമ്മദ്കുട്ടിയും ബോർഡ് അംഗങ്ങൾ

SHARE THIS ON

കോഴിക്കോട് ∙ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി സർക്കാർ നാമനിർദേശം ചെയ്തു. നിലവിലെ ചെയർമാൻ അഡ്വ.എം.കെ.സക്കീറിനെ തന്നെ ചെയർമാനായും നാമനിർദേശം ചെയ്തു. രാജ്യസഭാ എംപി എ.എ.റഹീം, കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ എന്നിങ്ങനെ ഒൻപത് അംഗങ്ങളുടെ പേരാണ് നാമനിർദേശ പട്ടികയിൽ ഉളളത്.

ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമം അനുസരിച്ചാണു പുനഃസംഘടന. കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകൾ കാരണമാണു വഖഫ് ബോർഡിന്റെ പുനഃസംഘടന നീണ്ടത്. വിവാദങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമം അനുസരിച്ച് ബോർഡിൽ ഉൾപ്പെടുത്തേണ്ട അമുസ്‌ലിം അംഗങ്ങളെ നിലവിൽ നോമിനേറ്റ് ചെയ്തിട്ടില്ല. ഇത് പിന്നീട് നിയമപ്രശ്നമായി ഉയരാനും സാധ്യതയുണ്ടെന്നാണു സൂചന. സമസ്തയിൽ മുസ്‌ലിം ലീഗ് വിരുദ്ധ പക്ഷക്കാരനായി വീക്ഷിക്കപ്പെടുന്നയാളാണ് മുൻപ് ഹജ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള ഉമർ ഫൈസി മുക്കം. ഇടത് അനുകൂല പ്രസ്താവനകളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കഴിഞ്ഞ ദിവസം സമസ്ത നൂറാം വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഇത്തരത്തിൽ ഇടത് അനുകൂലിയായി തന്നെ കാണുന്നതിനെതിരെ പ്രതികരിച്ചിരുന്നു.

ഒരു മുഅ്മീന് (വിശ്വാസിക്ക്) സഖാവാകാൻ കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ചെറുപ്പം മുതൽ പാണക്കാട് തങ്ങൾമാരെ ബഹുമാനിക്കുന്നയാളാണ്. വിഷമഘട്ടങ്ങളിൽ താങ്ങും തണലുമായി നിൽക്കുന്ന കുടുംബമാണ് പാണക്കാട് കുടുംബമെന്നും സമ്മേളന വേദിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വാഗതം പറയുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. സഖാവ് എന്നാൽ സഹപ്രവർത്തകൻ എന്നു മാത്രമാണ് അർഥമെന്നും വിശ്വാസികൾക്ക് വേണ്ടി നിൽക്കുന്നവരാണ് തങ്ങളെന്നുമാണ് ഇതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കണ്ണൂരിൽ വ്യാഴാഴ്ച മറുപടി പറഞ്ഞത്.

error: Content is protected !!