രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് കോവിഡ് വാക്സിന്

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
68,53,083 ആരോഗ്യപ്രവർത്തകർ, 60,90,931 കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ള 2,35,901 പേർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ള 16,16,920 പേർക്കും കോവിഡ് ആദ്യ ഡോസ് വാക്സിൻ നൽകി. 31,41,371 ആരോഗ്യപ്രവർത്തകർക്കും 60,90,931 മുൻനിരപ്രവർത്തകർക്കും രണ്ടാം ഡോസ് വാക്സിനും ഇതുവരെ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം 49-ാം ദിവസം പിന്നിടുകയാണ് ഇന്ന്.
അതേസമയം മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 84.4 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. നിലവിൽ രാജ്യത്ത് 1.76 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്ത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 1.58 ശതമാനമാണിത്.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. കേരളമാണ് രണ്ടാം സ്ഥാനത്ത്.

