കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കട്ടിലില്‍, കൊന്നത് ശ്വാസംമുട്ടിച്ച്; പാലായിലെ കൂട്ടമരണത്തില്‍ ഞെട്ടി നാട്

കോട്ടയം: കൂട്ടമരണത്തിന്റെ ഞെട്ടല്‍ മാറാതെ പാലാ പൂവരണി. ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേരുടെ മരണം നാടിനെ നടുക്കി. ചൊവ്വാഴ്ച രാവിലെയാണ് പൂവരണിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉരുളികുന്നം സ്വദേശിയായ കുടിലിപ്പറമ്ബില്‍ ജെയ്സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
രാവിലെ ഏഴരയോടെ ജെയ്സണ്‍ സഹോദരനെ ഫോണില്‍വിളിച്ച് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ജെയ്സണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിനകത്ത് പരിശോധിച്ചപ്പോള്‍ മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തി.
ഭാര്യയെ തലയ്ക്കടിച്ചും മൂന്നുകുട്ടികളെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇതിനുശേഷം ജെയ്സണ്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിലെ കട്ടിലിലാണ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉരുളികുന്നം സ്വദേശികളായ ജെയ്സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കഴിഞ്ഞ രണ്ടുവർഷമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്. ജെയ്സണ്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
സാമ്ബത്തിക പ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍, ഇതുസംബന്ധിച്ച് പോലീസ് വ്യക്തതയില്ല. അതേസമയം, കുടുംബപ്രശ്നങ്ങളുള്ളതായി അറിയില്ലെന്നായിരുന്നു സമീപവാസികളുടെ പ്രതികരണം.
രാവിലെ 7.30-8 മണിയോടെയാണ് ജെയ്സണ്‍ ജ്യേഷ്ഠനെ വിളിച്ച് വീട്ടില്‍ വരാൻ പറഞ്ഞതെന്ന് നാട്ടുകാരിലൊരാള്‍ പ്രതികരിച്ചു. ജ്യേഷ്ഠൻ വീട്ടില്‍ വന്നപ്പോഴാണ് ജെയ്സണ്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.
കുടുംബത്തെ ഞായറാഴ്ചയും പുറത്തുകണ്ടിരുന്നതായി മറ്റൊരു സ്ത്രീയും പ്രതികരിച്ചു. ഞായറാഴ്ച കുടുംബത്തിലെ എല്ലാവരും ചേർന്നാണ് കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാൻ പോയത്. കുടുംബപ്രശ്നങ്ങളുള്ളതായി അറിയില്ല. തിങ്കളാഴ്ച ഇവർ അങ്കണവാടിയില്‍ കുട്ടികളെ വിളിക്കാൻപോയിരുന്നതായും ഇവർ പ്രതികരിച്ചു.

