വീതിയില്ലാത്ത പാലങ്ങൾ; ദേശീയപാതയിൽ അപകടഭീതി; ആറുവരി ദേശീയപാത പലയിടത്തും പാലങ്ങളിൽ അഞ്ചുവരി മാത്രം

ഉപ്പള: ആറുവരി ദേശീയപാത വികസനത്തിൽ പഴയപാലങ്ങൾ അതേപടി നിലനിർത്തിയ സ്ഥലത്തു പാത അഞ്ചുവരി മാത്രമായി നിലനിൽക്കുന്നത് അപകടങ്ങൾ പതിവാക്കുന്നു. കഴിഞ്ഞ ദിവസം ഉപ്പള പാലത്തിൽ 3 പേരുടെ മരണത്തിനിടയാക്കിയതും വീതി കുറഞ്ഞ പാലമായിരുന്നു.ആറുവരിപ്പാതയിലൂടെ അതിവേഗത്തിൽ വരുന്നവർ പാലത്തിലെത്തിയപ്പോഴാണു പെട്ടെന്നു പാത അഞ്ചുവരിയായി ചുരുങ്ങുന്നതു മനസ്സിലാവുക. ഇങ്ങനെ ഉപ്പള പാലത്തിന്റെ കൈവരിയിലെ തൂണിലിടിച്ച് 50 മീറ്ററിലധികം കൈവരിയിൽ തട്ടി മുന്നോട്ടുപോയ ശേഷമാണു കഴിഞ്ഞ ദിവസം ഇവിടെ കാർ അപകടത്തിൽപ്പെട്ടത്.
അപകടഭീഷണി 3 പാലങ്ങളിൽ
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ പണിത പുതിയ പാലം 3 വരി വീതിയിലാണ്. എന്നാൽ നിലനിർത്തിയ പഴയ പാലത്തിലുള്ളത് 2 വരി പാതയുടെ വീതിയും. ഷിറിയ, മൊഗ്രാൽ എന്നിവിടങ്ങളിലും ഇതാണു സ്ഥിതി. ഒരു ഭാഗത്തേക്ക് 2 വരിയും മറു ഭാഗത്തേക്ക് 3 വരിയും. 6 വരി പാതയിൽനിന്നു കുതിച്ചു വരുന്ന വാഹനങ്ങൾ ഈ പാലങ്ങളുടെ അടുത്തെത്തുമ്പോൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകട സാധ്യതയുണ്ട്. പാലമെത്തുമ്പോൾ സർവീസ് റോഡ് സൗകര്യമില്ലാത്തതും അപകട ഭീതിയാണ്. അതേസമയം പൊസോട്ട്, കുക്കാർ പാലങ്ങൾ 8 വരിയായാണു നിർമാണം നടത്തിയിരുന്നത്.
കാസർകോട്ടേക്ക് 3 വരി, തലപ്പാടിയിലേക്ക് 2 വരി
തലപ്പാടിയിൽനിന്ന് കാസർകോട് ഭാഗത്തേക്കു വരുമ്പോൾ പുതിയതായി പണിത 3 വരി ഉപ്പള പാലം വഴിയാണു വാഹനങ്ങൾ പോകുന്നത്. എന്നാൽ കാസർകോട്ടുനിന്നു തലപ്പാടി ഭാഗത്തേക്കു പോകുന്ന ഭാഗത്തെ ഉപ്പള പാലം രണ്ടുവരി പാതയായാണു നിലനിർത്തിയിട്ടുള്ളത്. മാത്രമല്ല, സർവീസ് റോഡും കാൽനടയാത്രയ്ക്കുള്ള സംവിധാനവുമില്ല. ഇത് അപകടം വിളിച്ചു വരുത്തുന്നു.
തെരുവുവിളക്കില്ല
തെരുവുവിളക്കില്ലാത്തതും മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാത്തതും കാരണം രാത്രിയിൽ റോഡിന്റെ സ്ഥിതി തിരിച്ചറിയാൻ പ്രയാസമാണ്. നേരത്തേ ഇവിടെയുണ്ടായിരുന്ന തെരുവുവിളക്കുകൾ ദേശീയപാത നവീകരണത്തിന്റെ ഭാഗമായാണു മാറ്റിയത്. ഇതോടെ രാത്രികാലങ്ങളിൽ ഇരുട്ടിലാണ്. റോഡിലെ വളവും വഴിയരികിലും മറ്റും നിർത്തിയിട്ട വാഹനങ്ങളും പെട്ടെന്നു ശ്രദ്ധയിൽപ്പെടാത്ത സ്ഥിതിയാണ്.

