KSDLIVENEWS

Real news for everyone

ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ: പതിനായിരം കോടി രൂപ മൂല്യംവരുന്ന വസ്തുവകകൾ ഭീഷണിയിൽ

SHARE THIS ON

ന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ. ഇന്ത്യൻ പതാകയുള്ള 37 കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 100 ബില്യൺ രൂപയിലധികം മൂല്യമുള്ള കപ്പലുകളും ചരക്കുകളുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് ഇന്ത്യൻ കപ്പലുടമകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ തുറമുഖം, ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയുടെ ഏകദേശം 85 ശതമാനവും ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്. ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുമായി ഇന്ത്യൻ തുറമുഖങ്ങളിലേക്ക് വരുന്ന നിരവധി ടാങ്കറുകൾ തടയപ്പെട്ടിരിക്കുകയാണ്. ചൈനീസ്, ഇറാനിയൻ കപ്പലുകൾക്ക് ഈ മേഖലയിലൂടെ ഇപ്പോഴും സഞ്ചരിക്കാൻ അനുവാദമുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ കപ്പൽ ഓപ്പറേറ്റർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ ടാങ്കറുകളിലും ഗ്യാസ് കാരിയറുകളിലുമായി ഏകദേശം 400 ഓളം ഇന്ത്യക്കാരുണ്ട് എന്നാണ് വിവരം. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിന് ശേഷം മൂന്ന് ഇന്ത്യൻ ടാങ്കറുകൾക്കുനേരെ ഇതിനകം ആക്രമണം ഉണ്ടായി. ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെങ്കിലും ഒരു മൈൽ അകലെ പതിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്ന് നിശ്ചലമായി. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ ഇടയായിട്ടുണ്ട്. ഏകദേശം 3,200 കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഉൾക്കടലിൽ ചലനമറ്റ നിലയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!