KSDLIVENEWS

Real news for everyone

ചൂട് കൂടിയത് ഉത്പാദനത്തെ ബാധിച്ചു; ‘മിൽമ’യുടെ പ്രതിദിന പാൽ സംഭരണത്തിൽ 11.35 ശതമാനം കുറവ്

SHARE THIS ON

തൃക്കരിപ്പൂർ (കാസർകോട്): ചൂട് കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തിൽ ഗണ്യമായ കുറവ്. ഫെബ്രുവരിയിലെ കണക്കുപ്രകാരം മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 11.35 ശതമാനം കുറഞ്ഞു. 2023 ഫെബ്രുവരിയിൽ സംസ്ഥാനത്ത് മിൽമയുടെ പ്രതിദിന സംഭരണം ശരാശരി 13.48 ലക്ഷം ലിറ്ററായിരുന്നു. 2024 ഫെബ്രുവരിയിൽ ഇത് 11.95 ലക്ഷം ലിറ്ററായി കുറഞ്ഞു. 1.52 ലക്ഷം ലിറ്ററിന്റെ കുറവ്.


പാൽ ഉത്പാദനത്തിലെ കുറവ് പരിഹരിക്കാൻ ക്ഷീരവികസനവകുപ്പും മിൽമയും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മിൽമ കാലിത്തീറ്റ, പുല്ല്, ചോളത്തണ്ട് എന്നിവ സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. എങ്കിലും വേനൽക്കാലത്തെ പാൽ ഉത്പാദനം കൂട്ടാനായിട്ടില്ല.

തുണയായി കാലാവസ്ഥാവ്യതിയാന ഇൻഷുറൻസ്


: വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുന്നതിനാൽ ക്ഷീരകർഷകർക്കുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാൻ രണ്ടുവർഷമായി മിൽമ കാലാവസ്ഥാവ്യതിയാന ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ ജില്ലയിലെയും ശരാശരി അന്തരീക്ഷ താപനില താലൂക്ക് അടിസ്ഥാനത്തിൽ നിർണയിച്ചിട്ടുണ്ട്. ഇതിൽക്കൂടുതൽ ചൂട് രേഖപ്പെടുത്തിയാൽ നാല് സ്ലാബുകളായി നഷ്ടപരിഹാരം ലഭിക്കും. ഒരാഴ്ച പാൽ കുറഞ്ഞാൽ കർഷകർക്ക് 400 രൂപ ലഭിക്കും. പരമാവധി 30 ദിവസവും അതിന് മുകളിലും ചൂട് കൂടിനിന്നാൽ കർഷകന് ഒരു പശുവിന് 2000 രൂപ ഇൻഷുറൻസ് ലഭിക്കും. 110 രൂപയാണ് പ്രീമിയം. സബ്സിഡി കഴിച്ച് ഒരു പശുവിന് 50 രൂപയാണ് കർഷകൻ നൽകേണ്ടത്. പരമാവധി 10 പശുവിനാണ് സബ്സിഡി ലഭിക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്.

വേനൽ ബാധിച്ചു


: വേനൽ കടുത്തതാണ് സംഭരണം കുറയാനുള്ള പ്രധാന കാരണം. കല്യാണ, ഉത്സവ സീസണായതിനാൽ പ്രാദേശിക വിൽപ്പന കൂടിയതും മിൽമയ്ക്ക് ലഭിക്കുന്ന പാലിന്റെ അളവിൽ കുറവുണ്ടാക്കി. ഉത്പാദനച്ചെലവിലെ വർധനയും കർഷകരുടെ കൊഴിഞ്ഞുപോക്കും ഉത്പാദനം കുറയാൻ കാരണമായി.

– കെ.എസ്. മണി, മിൽമ ചെയർമാൻ

വിവിധ ജില്ലകളിലെ മിൽമയുടെ പ്രതിദിന പാൽ സംഭരണം (ലിറ്ററിൽ)

ജില്ല 2023 ഫെബ്രുവരി 2024 ഫെബ്രുവരി കൂടുതൽ/കുറവ് (ശതമാനത്തിൽ)

പാലക്കാട് 2,23,041 2,35,116 +5.41

വയനാട് 1,90,008 1,89,082 -0.48

കോഴിക്കോട് 76,694 64,569 -16

കണ്ണൂർ 58,481 46,222 -21

കാസർകോട് 48,287 40,551 -16

മലപ്പുറം 50,731 50,142 -1.16

തിരുവനന്തപുരം 1,54,502 1,32,921 -14

കൊല്ലം 86,071 66,113 -23

ആലപ്പുഴ 72,851 57,132 -21.57

പത്തനംതിട്ട 43,600 31,405 -27.97

മിൽമ എറണാകുളം മേഖലയ്ക്ക് കീഴിലുള്ള എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് 2023 ഫെബ്രുവരിയിൽ പ്രതിദിനം ശരാശരി 3.43 ലക്ഷം ലിറ്റർ പാൽ സംഭരിച്ചപ്പോൾ 2024 ഫെബ്രുവരിയിൽ ഇത് 2.79 ലക്ഷം ലിറ്ററായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!