KSDLIVENEWS

Real news for everyone

യു.എസിൽ നടക്കുന്നത് സാമ്പത്തികവിപ്ലവം: ഫലം ചരിത്രപരമായിരിക്കും; താരിഫ് യുദ്ധത്തിൽ ട്രംപ്

SHARE THIS ON

വാഷിങ്ടണ്‍: അങ്ങോട്ടും ഇങ്ങോട്ടുമുള്ള തീരുവ ചുമത്തലില്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് ചൈനയ്‌ക്കെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയും മറ്റു രാജ്യങ്ങളും കാലങ്ങളായി അമേരിക്കയോട് മോശമായാണ് പെരുമാറുന്നത്. എന്നാല്‍, ഇനി അത് നടക്കില്ലെന്നും തന്റെ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.

മുന്‍പൊരിക്കലുമില്ലാത്തവണ്ണം തൊഴിലും ബിസിനസുകളും നാം തിരിച്ചുകൊണ്ടുവരികയാണ്. ഇതിനകം അഞ്ചു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടന്നുകഴിഞ്ഞെന്നും അത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതൊരു സാമ്പത്തിക വിപ്ലവമാണ്. അതില്‍ നാം വിജയിക്കും. ദൃഢനിശ്ചയത്തോടെ നിലകൊള്ളൂ. അത് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍, അന്തിമഫലം ചരിത്രപരമായിരിക്കും. നാം അമേരിക്കയെ വീണ്ടും മഹത്തരമാക്കും, ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്ക-ചൈന തീരുവ യുദ്ധത്തിന് പിന്നാലെ യുഎസ് ഓഹരിവിപണി കൂപ്പുകുത്തുകയും ആഗോള സാമ്പത്തികമാന്ദ്യ ഭീതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ചൈനയ്ക്കുമേല്‍ പകരച്ചുങ്കം ചുമത്തിയ യുഎസ് നടപടിയെ ബെയ്ജിങ് നേരിട്ടത് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും 34 ശതമാനം തീരുവ ചുമത്തിക്കൊണ്ടായിരുന്നു. ഏപ്രില്‍ പത്തുമുതലാണ് ഇത് നിലവില്‍വരിക. മാത്രമല്ല, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈ നിയന്ത്രണം ഏപ്രില്‍ നാലാം തീയതി നിലവില്‍ വരികയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!