യു.ഡി.എഫിന് അഞ്ച് ശതമാനം വോട്ട് കുറഞ്ഞു, ഞങ്ങള്‍ക്ക് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്’; അടിത്തറ ശക്തമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
യു.ഡി.എഫിന്റെ വോട്ട് വിഹിതത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. എല്‍.ഡി.എഫിന് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്. തങ്ങളുടെ വോട്ട് അവിടെത്തന്നെയുണ്ട്. പാർട്ടിയുടെ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ 86,000 വോട്ട് കോണ്‍ഗ്രസിന് കുറഞ്ഞു. എല്‍.ഡി.എഫിന് അവിടെ 6000 വോട്ട് കൂടുകയാണ് ചെയ്തത്. ആരുടെ വോട്ടാണ് ബി.ജെ.പിയെ വിജയിപ്പിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് തൃശൂരില്‍ പാലംവലിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ല. മുഖം നന്നായി മിനുങ്ങിത്തന്നെയാണുള്ളത്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ആവശ്യമില്ലാത്ത വാക്കുകള്‍ പ്രയോഗിച്ച് വലിയ എന്തോ നടക്കാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കേണ്ട എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. വടകരയില്‍ യു.ഡി.എഫ് അശ്ലീലവും വർഗീയതയും ഉപയോഗിച്ചു. ദേശീയതലത്തില്‍ ഇൻഡ്യ സഖ്യത്തില്‍ എല്ലാവരും ഒരുമിച്ചാണ് എന്നതും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

