ഹീറോ ആയി റോണോ; ജര്‍മനിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

മ്യൂണിക്ക്: വേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ കലാശക്കളിക്ക് യോഗ്യത നേടി. ഒരു ഗോളിന് പിന്നില്‍നിന്നശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് പോര്‍ച്ചുഗല്‍ ഫൈനല്‍ യോഗ്യത നേടിയത്.
68-ാം മിനിറ്റില്‍ നൂനോ മെന്‍ഡിസിന്റെ പാസ് നാല്‍പ്പതുകാരനായ താരം ഗോളാക്കി മാറ്റിയത് മത്സരഫലം നിര്‍ണയിച്ചു. അതിന് അഞ്ചുമിനിറ്റ് മുന്‍പ് ഫ്രാന്‍സിസ്‌കോ കണ്‍സെയ്‌സാവോ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയിരുന്നു. ജര്‍മനിക്കായി ഫ്‌ളോറിയന്‍ വിര്‍ട്സാണ് ഗോള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം, 48-ാം മിനിറ്റില്‍ ജര്‍മനിയാണ് ലീഡ് ചെയ്തത്. നായകന്‍ ജോഷ്വാ കിമ്മിച്ചിനൊപ്പം നടത്തിയ മുന്നേറ്റം വിര്‍ട്‌സ് പോര്‍ച്ചുഗല്‍ വലയില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 65-ാം മിനിറ്റില്‍ കണ്‍സെയ്‌സാവോയിലൂടെ പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി. അഞ്ചുമിനിറ്റ് കഴിഞ്ഞ് ക്രിസ്റ്റിയാനോയും സ്‌കോര്‍ ചെയ്തത് പോര്‍ച്ചുഗലിന്റെ വിജയഗോളായി മാറി. പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോയുടെ 137-ാം ഗോളാണിത്.
വ്യാഴാഴ്ച സ്റ്റുട്ട്ഗാര്‍ട്ടില്‍ ഫ്രാന്‍സും സ്‌പെയിനും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. ഇതിലെ വിജയികളെ മ്യൂണിക്കില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പോര്‍ച്ചുഗല്‍ നേരിടും.