കാഞ്ഞങ്ങാട്ട് നിന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ്സിൽ മധ്യവയസ്കന് നെഞ്ചുവേദന രക്ഷകരായി നഴ്സും ജീവനക്കാരും

പയ്യന്നൂർ: യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചയാൾക്ക് രക്ഷകരായി നഴ്സും ബസ് ജീവനക്കാരും. ചൊവ്വാഴ്ച രാവിലെ 11.15 -ഓടെയായിരുന്ന സംഭവം. കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ ചെറുവത്തൂരിൽനിന്ന് പരിയാരത്തേക്ക് യാത്ര ചെയ്തയാൾക്കാണ് പയ്യന്നൂരിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന മകൻ ഉടൻ കണ്ടക്ടർ കാഞ്ഞങ്ങാട് ഡിപ്പോയിലെ പി.സി.ഷിബുവിനോട് വിവരം പറഞ്ഞു. ഇക്കാര്യം കണ്ടക്ടർ ഡ്രൈവർ പി.ബി.പ്രമോദ് കുമാറിനെ അറിയിച്ചത് പ്രകാരം ബസ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കുതിച്ചു. ഇതിനിടയിൽ ബസിൽ നഴ്സുമാർ ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ പയ്യന്നൂർ തെക്കെ മമ്പലത്തെ കെ.വി.അമൃത സഹായിക്കാനായി മുന്നോട്ടുവന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാൾക്ക് പ്രാഥമികശുശ്രൂഷകൾ നൽകി ബസ് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ഒരു ജീവൻ രക്ഷിക്കുന്നതിന് സഹായമായി കൂടെനിന്നു

