മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക്; ഭരണം ഓൺലൈനിൽ നിയന്ത്രിക്കും, പകരം ചുമതല ആർക്കുമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്കു പുറപ്പെട്ടു. പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഭാര്യ കമലയ്ക്കും സഹായികള്ക്കുമൊപ്പമായിരുന്നു യാത്ര. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യുഎസിലേക്കു പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുക മുഖ്യമന്ത്രി തന്നെയാവും. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ ഇ–ഓഫിസ് വഴി കൈകാര്യം ചെയ്യും.
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പോരായ്മകള്‍ സംബന്ധിച്ച് വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തുടര്‍ചികിത്സയ്ക്കായി യുഎസിലേക്കു പോയിരിക്കുന്നത്. മുന്‍പ് മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ യാത്ര. 10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കുമെന്ന് ഓഫിസ് അറിയിച്ചു.