കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് അപകടനില തരണംചെയ്യാൻ അടിയന്തര ചികിത്സ വേണം

കാസർകോട്: സിപിആർ നൽകി ജീവൻ രക്ഷിക്കേണ്ട സ്ഥിതിയിലാണ് ജില്ലയിലെ ചില സർക്കാർ ആശുപത്രികൾ. മനുഷ്യശരീരംപോലെ ഒന്നു ശരിയാക്കുമ്പോൾ മറ്റൊന്നു പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതി. ഡയാലിസിസ് നടത്തി ജീവൻ നിലനിർത്താനുള്ള ശ്രമത്തിൽ അധികൃതരുടെ അലിവ് കാക്കുകയാണ് ആതുരാലയങ്ങൾ. ജില്ലയുടെ സ്വപ്ന പദ്ധതിയായ മെഡിക്കൽ കോളജ് ട്രാക്കിലേക്കു കയറുമ്പോഴാണ് മറ്റ് ആശുപത്രികളിൽ ഈ സ്ഥിതി. മെഡിക്കൽ കോളജിന്റെ ടീച്ചിങ് ആശുപത്രിയായ കാസർകോട് ജനറൽ ആശുപത്രിയിൽപോലും ശരിയായ ട്രാക്കിലല്ല ഓട്ടം. ഡോക്ടർമാരുടെ കുറവുൾപ്പെടെ ജില്ലയിലെ ചികിത്സാ സൗകര്യങ്ങളെ പിന്നോട്ടടിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്.
ഫൊറൻസിക് സർജൻ
നിലവിലുള്ള ഒരു ഫൊറൻസിക് സർജനെ കൂടാതെ ഫൊറൻസിക് ബിരുദമെടുത്ത ഒരു ഡോക്ടറുടെയെങ്കിലും സേവനം ലഭ്യമാക്കിയാൽ താൽക്കാലികാശ്വാസമാകും. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു കിട്ടുന്നതിനുവേണ്ടി ഒരു പകൽ മുഴുവൻ, അല്ലെങ്കിൽ ഒരു രാത്രിയും പകലും കഴിഞ്ഞുവരെ കാത്തുനിൽക്കേണ്ട സ്ഥിതി പരിഹരിക്കണമെന്ന ആവശ്യം കോടതിയിൽ എത്തിയതിനെത്തുടർന്നാണ് കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം കൂടി അനുവദിച്ചത്. 2022 മാർച്ചിലാണ് കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയത്. അന്ന് ടാറ്റാ ആശുപത്രിയിലെ ഡോക്ടറുടെ സേവനം ഉപയോഗിച്ചു. അദ്ദേഹം നാട്ടിലേക്ക് സ്ഥലംമാറിപ്പോയി. പകരം ആളെ അനുവദിക്കാൻ വകുപ്പുതല നടപടി ഉണ്ടായതുമില്ല.
ഡോക്ടർമാരുടെ കുറവ് ദുരിതം
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ 9 ഡോക്ടർമാരുടെ കുറവുണ്ട്. ഡയാലിസിസ് ടെക്നിഷ്യൻ, നഴ്സുമാർ, ഫാർമസിസ്റ്റ് തുടങ്ങി 19 ജീവനക്കാർകൂടി വേണം.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആകെയുള്ളത് 6 ഡോക്ടർമാരാണ്. ഒപി വിഭാഗത്തിൽ നാലും അത്യാഹിത വിഭാഗത്തിൽ രണ്ടും. കാഷ്വൽറ്റിയിൽ മാത്രം 6 ഡോക്ടർമാർ വേണ്ടിടത്താണ് ഇവിടെ രണ്ടുപേരുമായി ചികിത്സ. ഗൈനക്കോളജി ഒപിയിൽ 3, പീഡിയാട്രിക് ഒപിയിൽ 3, അനസ്തെറ്റിക് വിഭാഗത്തിൽ രണ്ടും ഡോക്ടർമാർ വേണമെന്നാണ് ചട്ടം. ആകെ 12 തസ്തിക മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. മറ്റു ജീവനക്കാരും കുറവാണ്. ഓരോ ദിവസവും ഇരുനൂറോളം രോഗികൾ ഇവിടെ ഒപിയിൽ എത്തുന്നുണ്ട്.
പെരിയയിലും ദുരിതം
പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നീണ്ട അവധിയിൽ പ്രവേശിച്ച ഡോക്ടർക്കു പകരം ആളെ നിയമിച്ചിട്ടില്ല. സ്ഥലം മാറിപ്പോയ 2 ജെപിഎച്ച് നഴ്സുമാർക്ക് പകരവും വിരമിച്ച പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവിലും നിയമനം നടന്നിട്ടില്ല. സിഎച്ച്സിയിൽ വർഷങ്ങളായി പ്രവർത്തനരഹിതമായിക്കിടക്കുന്ന സോളർ പ്ലാന്റിനു പകരം പുതിയത് സ്ഥാപിക്കാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കുന്നുണ്ട്. അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 4 ഡോക്ടർമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ഒപിയിൽ ഉള്ളത്. മലയോര പ്രദേശമായ ബേഡഡുക്ക, കുറ്റിക്കോൽ, പഞ്ചായത്തുകളിലെ ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന ബേഡകം താലൂക്ക് ആശുപത്രിയിൽ സ്ഥിരം ഡോക്ടർമാരുടെ കുറവുണ്ട്. രാവിലെ 8 മുതൽ 2 വരെ മുന്നൂറിലധികം രോഗികളെത്തുന്ന ആശുപത്രിയിൽ. ഉച്ചയ്ക്കും രാത്രിയുമായി ഒട്ടേറെ രോഗികൾ നിത്യേന എത്താറുണ്ട്.
പേരിൽ മാത്രം താലൂക്കാശുപത്രി
തൃക്കരിപ്പൂർ ∙ 5 പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏകാശ്രയമാണ് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിയെന്നത് പേരിൽ ചേർത്തിട്ടുണ്ട്. പക്ഷേ, ആവശ്യമായ സൗകര്യമില്ല.ഓപ്പറേഷൻ തിയറ്ററിൽ സംവിധാനമോ ഉപകരണങ്ങളോ ഇല്ലാത്തതിനാൽ കാലങ്ങളായി ഇവിടെ ശസ്ത്രക്രിയ നടക്കുന്നില്ല. ഗൈനക്കോളജിസ്റ്റുണ്ടെങ്കിലും ഓപ്പറേഷൻ തിയറ്ററിലെ അസൗകര്യവും അനസ്തീസിയ നൽകാൻ ആളില്ലാത്തതും മൂലം പ്രസവമെടുക്കാറില്ല.കണ്ണ് രോഗ വിദഗ്ധനുണ്ട്, പരിശോധനയുമുണ്ട്. പക്ഷേ, മറ്റു സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കണ്ണു രോഗികളും സ്വകാര്യ മേഖലയെ തേടണം. സ്പെഷലിസ്റ്റ് ഡോക്ടർമാർ 2 പേർ കൂടിയുണ്ട്. ഇതിൽ ഒരാൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചാർജ് നൽകി. രണ്ടാമത്തെയാൾ അവധിയിലും. ദേലംപാടി, ബെള്ളൂർ, കാറഡുക്ക പിഎച്ച്സികളിൽ രണ്ടുവീതം ഡോക്ടർമാർ മാത്രമാണുള്ളത്. ഇതിൽ ഓരോ ഡോക്ടർമാർ അതതു പഞ്ചായത്തുകൾ താൽക്കാലികമായി നിയമിച്ചവരാണ്.
‘ലക്ഷ്യ’മില്ലാതെ വെള്ളരിക്കുണ്ട് താലൂക്കാശുപത്രി
രാജപുരം ∙ 6 വർഷം മുൻപ് മെഷിനറി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടും പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും വിഭാഗം (ലക്ഷ്യ) ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനായി സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു തുടങ്ങി. ആവശ്യമായ ഡോക്ടർമാരെ നിയമിക്കാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ തടസ്സമായി. പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏക താലൂക്ക് ആശുപത്രിയാണിത്.
ബ്ലോക്കിലെ 7 പഞ്ചായത്തുകളിൽ ആശുപത്രിയുടെ സമീപത്തെ ബളാൽ, പനത്തടി, കള്ളാർ, കോടോം ബേളൂർ പഞ്ചായത്തുകളിലെ ജനങ്ങളാണ് ആശുപത്രിയെ കൂടുതൽ ആശ്രയിക്കുന്നത്. നിലവിൽ പ്രസവ സംബന്ധമായ പരിശോധനകൾക്കും മറ്റുമായി മലയോരത്തുനിന്നു 40 കിലോമീറ്ററിലധികം യാത്ര ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തണം. അമ്മയും കുഞ്ഞും വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതർ കേട്ടില്ലെന്നു നടിക്കുകയാണ്.
ആശുപത്രിയിൽ ഐസലേഷൻ വാർഡിന്റെ നിർമാണവും പൂർത്തീകരിച്ചിട്ടില്ല. ഡോക്ടർമാരുടെ തസ്തികയിൽ സ്ഥിര നിയമനം ഇല്ലാത്തതും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ചിറ്റാരിക്കാലിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 4 ഡോക്ടർമാരുടെ തസ്തികയിൽ ഒരാൾ ഒഴികെ മറ്റു 3 പേരുടെ സേവനം ലഭ്യമാണ്. നിലവിലുള്ള കെട്ടിടത്തിൽ പരിമിതികളുള്ളതിനാൽ കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യം ഇല്ല.