KSDLIVENEWS

Real news for everyone

മണിക്കൂറുകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ: ടെക്സാസിൽ മരണം 24 ആയി, ഭയാനകമെന്ന് ട്രംപ്

SHARE THIS ON

ടെക്‌സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ കനത്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നില്‍പ്രളയത്തില്‍ മരണം 24 ആയി. മധ്യ ടെക്‌സാസിന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മാസത്തെ മഴ ലഭിച്ചുവെന്ന് യുഎസ് കാലവസ്ഥാ വകുപ്പുകള്‍ വ്യക്തമാക്കി. അസാധാരണ മഴ നിരവധി മിന്നല്‍ പ്രളയങ്ങള്‍ക്കിടയാക്കി. കെര്‍വില്ലിന് സമീപമുള്ള ഹണ്ട് എന്ന പട്ടണത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വെറും മൂന്നു മണിക്കൂറിനുള്ളില്‍ പെയ്ത മഴ ആ പ്രദേശത്ത് 100 വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഴയായാണ് കണക്കാക്കപ്പെടുന്നത്. ശക്തമായ മഴ ശനിയാഴ്ചയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന 20 ലധികം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഈ ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ന്‍ റാഗ്‌സ്‌ഡേല്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ടെക്‌സാസിലെ വെള്ളപ്പൊക്കത്തെയും അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ഭയാനകം’ എന്നും ഞെട്ടിപ്പിക്കുന്നതാണെന്നും വിശേഷിപ്പിച്ചു. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ് നാശനഷ്ടം കുറയ്ക്കാന്‍ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്റ്ററുകളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് 200-ലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. 45 മിനിറ്റിനുള്ളില്‍ ടെക്‌സാസിലുള്ള ഗ്വാഡലൂപ നദി 26 അടി (8 മീറ്റര്‍) ഉയര്‍ന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നദീ തീരത്തായിരുന്നു പെണ്‍കുട്ടികളെ കാണാതായ വേനല്‍ക്കാല ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. 700 ഓളം കുട്ടികള്‍ ഈ ക്യാമ്പിന്റെ ഭാഗമായിരുന്നു. എന്നാൽ മിന്നൽ പ്രളയമുണ്ടായ ഘട്ടത്തിൽ എല്ലാവരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!