ഒന്നുകിൽ ഇത് സ്വീകരിക്കുക അല്ലെങ്കിൽ വിട്ടുപോകുക: 12 രാജ്യങ്ങൾക്ക് ട്രംപിന്റെ താരിഫ് കത്ത്

ന്യൂയോർക്ക്: പല രാജ്യങ്ങൾക്കും ചുമത്തുകയും പിന്നീട് താൽക്കാലിക നിരോധനം ഏർപ്പെടുത്തുകയും ചെയ്ത അധികനികുതി നിരോധനം ജൂലൈ ഒമ്പതിന് അവസാനിരിക്കെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 12 രാജ്യങ്ങൾക്ക് കത്തയക്കും. സ്വീകരിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക എന്നതാണ് കത്തിന്റെ ഉള്ളടക്കമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തു.
തിങ്കളാഴ്ച ഈ രാജ്യങ്ങൾക്ക് കൈമാറാനുള്ള കത്തിൽ ട്രംപ് ഒപ്പുവെച്ചു. അധിക നികുതി ഏർപ്പെടുത്തിയതിനു ശേഷം 90 ദിവസത്തേക്കാണ് താൽക്കാലികമായി മരവിപ്പിച്ചത്. ഈ കാലവധിയാണ് ജൂലൈ 9-ന് അവസാനിക്കുന്നത്.
‘ഞാൻ കുറച്ച് കത്തുകൾ ഒപ്പുവെച്ചിട്ടുണ്ട്, അവ തിങ്കളാഴ്ച അയയ്ക്കും. പന്ത്രണ്ടെണ്ണം കാണും. വ്യത്യസ്ത തുകകളും വ്യത്യസ്ത താരിഫ് നിരക്കുകളും ആയിരിക്കും അവയിൽ.’ അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ന്യൂജേഴ്സിയിലേക്ക് പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, ഏതൊക്കെ രാജ്യങ്ങൾക്കാണ് കത്തു നൽകുന്നതെന്ന് വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.
ഏപ്രിലിൽ, യുഎസിലേക്കുള്ള മിക്ക ഇറക്കുമതികൾക്കും 10 ശതമാനം അടിസ്ഥാന താരിഫ് ഏർപ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചില രാജ്യങ്ങൾക്ക് ഈ നിരക്കുകൾ 50 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമയപരിധി അടിസ്ഥാനമാക്കിയുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കില്ലെന്നും കരാറിനായുള്ള ചർച്ചകൾക്ക് സ്വന്തം നിബന്ധനകൾ വെക്കുമെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി ഉന്നതതല ചർച്ചകൾ നടത്തിയ ശേഷം ഇന്ത്യൻ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാർ താമസിയാതെ ഉണ്ടാവാനും സാധ്യതയുണ്ട്.
യുകെ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായാണ് ഇതുവരെ യുഎസ് കരാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, യുഎസും ചൈനയും പരസ്പരം ചുമത്തിയ വൻനികുതികൾ താൽക്കാലികമായി കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്.