KSDLIVENEWS

Real news for everyone

വെടിനിർത്തലിൽ ഉടൻ ചർച്ചയ്ക്ക് തയ്യാറെന്ന് ഹമാസ്; നെതന്യാഹു തിങ്കളാഴ്ച യുഎസിൽ

SHARE THIS ON

ജറുസലേം/ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തലിനായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന്മേൽ ഉടനടി ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഹമാസ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം 21 മാസം പിന്നിടുമ്പോഴാണ് ഹമാസ് ചർച്ചയ്ക്ക് തയ്യാറാവുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസ് സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

അമേരിക്കൻ പിന്തുണയുള്ള കരട് വെടിനിർത്തൽ നിർദ്ദേശത്തിന്റെ നിബന്ധനകൾ ഉടൻതന്നെ ചർച്ച ചെയ്യാമെന്നാണ് ഹമാസിന്റെ നിലപാട്. അതേസമയം, ഹമാസിന്റെ പുതിയ നിലപാടിനോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് യോഗം ചേർന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.

ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് വെടിനിർത്തൽ ചർച്ചകളെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. എന്നാൽ ഗാസയിൽ തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചാൽ ഇസ്രയേൽ തങ്ങളുടെ ആക്രമണം പുനരാരംഭിക്കില്ല എന്നതിന് ഉറപ്പു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

”അത് നല്ലതാണ്. അവർ എനിക്കതിനെക്കുറിച്ച് വിവരം നൽകിയിട്ടില്ല. നമ്മൾ ഇത് അവസാനിപ്പിക്കണം. ഗാസയിൽ എന്തെങ്കിലും ചെയ്യണം.” ഹമാസിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു.

2023 ഒക്ടോബറിൽ 7 ന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി 1000 ലേറെ പേരെ കൊലപ്പെടുത്തുകയും 200 ലേറെ പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടു പോവുകയും ചെയ്തതിനെ തുടർന്നാണ് ഗാസയിൽ സംഘർഷം ആരംഭിച്ചത്. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ രണ്ടു തവണ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയെങ്കിലും ഇതു ഫലവത്തായില്ല. ഇതിനോടൊപ്പം പലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രയേലി ബന്ദികളിൽ കുറച്ചുപേരെ തിരികെ നൽകുകയും ചെയ്തിരുന്നു.

2023 ഒക്ടോബറിലെ ആക്രമണത്തിനിടെ പലസ്തീൻ സായുധർ പിടിച്ചെടുത്ത 251 ബന്ദികളിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്. ഇതിൽ 27 പേർ മരിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു. 21 മാസത്തെ യുദ്ധം ഗാസ മുനമ്പിലെ ഇരുപത് ലക്ഷത്തിലധികം ജനങ്ങൾക്ക് വിനാശകരമായിരുന്നു.

അതേസമയം, ശനിയാഴ്ച ഇസ്രയേലി സൈനിക നടപടികളിൽ 20 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഒരു സ്‌കൂളിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ ഉൾപ്പെടുന്നു. ഹമാസ് ഭരണത്തിൻ കീഴിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നത് ഇസ്രയേലിന്റെ സൈനിക നടപടിയിൽ ഗാസയിൽ 57,268 പേർ കൊല്ലപ്പെട്ടു എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!